| Sunday, 20th June 2021, 1:31 pm

നല്ല സിനിമയില്‍ എന്തിനാണ് 'ഈ വാക്കുകളെന്ന്' പ്രിയദര്‍ശന്‍; തെറി പറയാന്‍ വേണ്ടിയല്ല, കഥ ആവശ്യപ്പെടുന്നതുകൊണ്ടാണെന്ന് ചെമ്പന്‍ വിനോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള ചിത്രങ്ങള്‍ ഒ.ടി.ടി. റിലീസായി എത്താന്‍ തുടങ്ങിയതോടെ സിനിമയില്‍ തെറി പദപ്രയോഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. കുടുംബത്തോടൊപ്പമിരുന്ന് സിനിമ കാണാനാകുന്നില്ലെന്നാണ് വിമര്‍ശനവുമായി എത്തിയവര്‍ പ്രധാനമായും പറഞ്ഞിരുന്നത്.

എന്നാല്‍ നിത്യജീവിതത്തില്‍ സാധാരണയായി ഉപയോഗിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്ന പദങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്രയും അസ്വസ്ഥപ്പെടുന്നതെന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന മറുവാദം.

ഇപ്പോള്‍ സിനിമയിലെ തെറി വിളിയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയാണ് മലയാളത്തിലെ ചില സംവിധായകരും തിരക്കഥാകൃത്തുക്കളും. നല്ല സിനിമയില്‍ തെറി പദങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്. ചില തെറ്റിദ്ധാരണകളുടെ പുറത്താണ് യുവസംവിധായകര്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് സിനിമകളില്‍ തെറി കടന്നുവരുന്നതെന്നും അല്ലാതെ തെറി പറയാനായി ആരും ഇവിടെ സിനിമാ നിര്‍മ്മിക്കാറില്ലെന്നുമാണ് തിരക്കഥാകൃത്ത് കൂടിയായ നടന്‍ ചെമ്പന്‍ വിനോദ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഒ.ടി.ടിയിലെ തെറിവിളിയുമായി ബന്ധപ്പെട്ട മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രിയദര്‍ശനും ചെമ്പന്‍ വിനോദും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

സഭ്യത സംസ്‌കാരത്തിന്റെ ഭാഗമാണ്. മുന്‍പും സിനിമകളിലും കഥകളിലും കഥാപാത്രങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കാറുണ്ടെന്നും എന്നാല്‍ അതിന് കേട്ടാല്‍ പുളിക്കുന്ന വാക്കുകളല്ല ഉപയോഗിക്കാറുണ്ടായിരുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

കൂട്ടുകാര്‍ക്കൊപ്പമിരുന്ന് പറയുന്നതെല്ലാം സിനിമയിലേക്കെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. കുടുംബമായിരുന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്ന ഒന്നും സിനിമയിലുണ്ടാകരുതെന്ന് കരുതുന്ന ആളാണ് താനെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കുമെതിരെ കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്ന വളരെ ചെറിയ ശതമാനം ആളുകളെ മാത്രം കണ്ട് ഇതാണ് ഇപ്പോള്‍ യുവത്വത്തിന്റെ ഭാഷയെന്ന് എഴുത്തുകാര്‍ക്ക് തെറ്റിദ്ധാരണയുണ്ടാകുകയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

എന്തിനാണ് നല്ല സിനിമകളില്‍ ഇത്തരം വാക്കുകള്‍ മനപൂര്‍വ്വം കൂട്ടിച്ചേര്‍ക്കുന്നതെന്നും പ്രിയദര്‍ശന്‍ ചോദിച്ചു. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകന്‍ സ്വീകരിക്കുമെന്നും തെറി ചേര്‍ത്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്റെ അഭിപ്രായത്തില്‍ നിന്നും തികച്ച വ്യത്യസ്തമായ കാഴ്ചപ്പാടാണ് ചെമ്പന്‍ വിനോദ് പങ്കുവെക്കുന്നത്. ഒ.ടി.ടിയില്‍ സിനിമയുടെ ഉള്ളടക്കവും ലൈംഗികതയോ വയലന്‍സോ നഗ്നതയോ ഉണ്ടെങ്കില്‍ അതറിയാനും മാര്‍ഗമുണ്ടെന്നും അതു നോക്കി കുടുംബവുമായി കാണാന്‍ പറ്റിയ സിനിമയാണോയെന്ന് തീരുമാനിക്കാന്‍ സാധിക്കുമെന്ന് ചെമ്പന്‍ വിനോദ് പറയുന്നു.

ലോകത്തുള്ള എല്ലാ മനുഷ്യരും നന്മയുടെ നിറകുടങ്ങളല്ലല്ലോയെന്നും നമ്മുടെ ചുറ്റുപാടില്‍ കാണുന്ന ആളുകളില്‍ നിന്നാണ് കഥാപാത്രങ്ങളെ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറി എല്ലാ മനുഷ്യരും ഉപയോഗിക്കുന്നതാണെന്നും അല്ലാതെ എഴുത്തുകാരന്‍ പുതുതായി സൃഷ്ടിക്കുന്നതല്ലെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

കഥയനുസരിച്ച് സിനിമയിലെവിടെയെങ്കിലും ഏതെങ്കിലും കഥാപാത്രം തെറി പറഞ്ഞെന്നിരിക്കും. തെറി കേട്ടതുകൊണ്ട് നശിച്ചുപോകുന്ന ഒരുതലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്കുതോന്നുന്നില്ല. ‘ചുരുളി’യില്‍ തെറിയുണ്ടെങ്കില്‍ അത് ആ സിനിമയുടെ കഥ അങ്ങനെ ആവശ്യപ്പെടുന്നതുകൊണ്ടാണ്. അല്ലാതെ തെറി പറയാന്‍വേണ്ടി ആരും സിനിമ നിര്‍മിക്കില്ലല്ലോയെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Priyadharshan and Chemban Vinod abourt swearing in recent Malayalam films

We use cookies to give you the best possible experience. Learn more