| Friday, 30th August 2019, 8:40 pm

'ഞാന്‍ യാഥാസ്ഥിതികനാണ്, കഥയില്‍ തെറി പറയാനുള്ള സ്വാതന്ത്ര്യം ഞാനെടുക്കില്ല'; മൂല്യങ്ങളുള്ള സമൂഹത്തില്‍ സെന്‍സറിംഗ് ഉണ്ടാകുമെന്നും പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ യാഥാസ്ഥിതികനായതു കൊണ്ടാണ് തന്റെ സിനിമകളില്‍ നായകനും നായികയും അടുത്തിടപഴകുന്ന കൂടുതല്‍ സീനുകള്‍ ഇല്ലാത്തതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

‘യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. അമ്മയും അച്ഛനും പറഞ്ഞുതന്ന കുറേ വിശ്വാസങ്ങളുണ്ട്. കലാരൂപത്തിലേക്ക് മാറുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ സ്വാധീനിക്കും. ഇന്ന് കഥയില്‍ തെറി പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, ആ സ്വാതന്ത്ര്യം ഞാനെടുക്കില്ല. എന്റെ സിനിമക്ക് ഒരു ഐഡന്റിറ്റി ഉണ്ട്, ആഷിഖ് അബുവിന്റെ സിനിമക്ക് വേറൊരു ഐഡന്റിറ്റി ഉണ്ട്. ഞാന്‍ യാഥാസ്ഥിതികനായ മനുഷ്യനാണ്. പക്ഷേ ആഷിഖിന്റെയോ ടൊവീനോയുടെയോ സിനിമയില്‍ അത്തരം കാര്യങ്ങളുണ്ടാകുന്നതില്‍ വിരോധമില്ല’- പ്രിയദര്‍ശന്‍ കൊച്ചിയില്‍ പറഞ്ഞു.

സിനിമകള്‍ക്ക് സെന്‍സറിംഗ് വേണമെന്നും അത് മൂല്യങ്ങളുള്ള സമൂഹത്തിനു ആവശ്യമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

‘പല തരത്തിലുള്ള ആളുകളാണ് സിനിമ കാണുന്നത്. അതുകൊണ്ട് സെന്‍സറിംഗ് വേണം. മൂല്യങ്ങളുള്ള സമൂഹത്തില്‍ സെന്‍സറിംഗ് ഉണ്ടാകും. പുതുതലമുറ പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ നമുക്ക് സ്വന്തമായിരുന്ന പലതും നഷ്ടപ്പെട്ടിട്ടുണ്ട്’- പ്രിയദര്‍ശന്‍ പറഞ്ഞു.

‘കഥയുണ്ടാകുമ്പോള്‍ അതില്‍ വില്ലനും നായകനും മോശം കഥാപാത്രങ്ങളുമുണ്ടാകും. കലയെ കലയായിട്ടു കാണുക. കല ആസ്വദിക്കുക. അറുത്തു മുറിച്ചു കാണേണ്ട. വിമര്‍ശനങ്ങള്‍ പഴയ കാലത്തും ഉണ്ടായിട്ടുണ്ട്. പുതിയ കാലത്ത് അഭിപ്രായം പ്രകടിപ്പിക്കാന്‍ നിരവധി പ്ലാറ്റ്‌ഫോമുകളുണ്ടെന്നു മാത്രം.

സിനിമ എടുക്കുമ്പോള്‍ ആ സിനിമ വിജയിക്കുക, നിര്‍മാതാവിന് പണം കിട്ടുക, കാണാന്‍ വരുന്നവരെ സന്തോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം. അയാള്‍ അങ്ങനെയാണ് ചെയ്തതത്, ഇങ്ങനെയാണ് ചെയ്തത് എന്ന് നിരന്തം വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ഫിലിം മേക്കറിന് സ്വാതന്ത്ര്യം വേണ്ടേ? ഫിലിം മേക്കറിനു മാത്രമല്ല, സാഹിത്യകാരന്‍മാര്‍ക്കും മറ്റു കലാകാരന്‍മാര്‍ക്കുമെല്ലാം സ്വാതന്ത്ര്യം വേണം’- പ്രിയദര്‍ശന്‍ പറഞ്ഞു.

സിനിമയ്ക്ക് ന്യൂ ജെന്‍ എന്നോ ഓള്‍ഡ് ജെന്‍ എന്നോ ഇല്ലെന്നും നല്ല സിനിമകള്‍ ചീത്ത സിനിമകള്‍ എന്നീ രണ്ടു കാറ്റഗറി മത്രേയുള്ളൂ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

‘ഇന്ന് ഒരു ഫിലിം മേക്കറിന് ചിന്തിച്ചാല്‍ മതി, സിനിമ ഉണ്ടാകും. സാങ്കേതിക വിദ്യയുണ്ട്. പണ്ട് അങ്ങനെ ആയിരുന്നില്ല. പക്ഷേ കണ്ടന്റാണ് എല്ലാത്തിലും വലുത്. അഞ്ചോ ആറോ വിദ്യകളേ ഉള്ളൂ സിനിമക്ക്. അത് വെച്ചാണ് ഞങ്ങള്‍ പയറ്റിയത്.

പുതിയ ആളുകളുടെ സിനിമകള്‍ കാണാറുണ്ട്. അവരെ വിളിക്കാറുണ്ട്. ആഷിഖിനെയും വിളിച്ചിട്ടുണ്ട്. ഇവരില്‍ 25 ശതമാനം മാത്രമേ നീതി പുലര്‍ത്തുന്നുള്ളൂ. സിനിമയുടെ ഗ്രാമര്‍ അവര്‍ മാത്രമേ നന്നായി സംവദിക്കുന്നുള്ളൂ. പൂച്ചക്കൊരു മൂക്കുത്തി ചെയ്യുമ്പോള്‍ ഞാനും ന്യൂ ജനറേഷന്‍ ആയിരുന്നു. സിനിമ പഠിക്കാന്‍ ഒരു മാസ്റ്റര്‍ ഉണ്ടാകണം എന്നാണ് ന്യൂ ജനറേഷേന്‍ ഫിലിം മേക്കേഴ്‌സിനോട് പറയാനുള്ളത്’ അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more