| Thursday, 18th February 2021, 4:59 pm

കനത്ത മഴ, ആളുകള്‍ കസേരയും തലയില്‍പൊത്തി ഓടുകയാണ്, എല്ലാം അലങ്കോലമായി, സ്റ്റേജില്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുകയാണ് ബച്ചന്‍; അനുഭവം പങ്കുവെച്ച് പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ വെച്ച് നടന്ന മിസ്സ് വേള്‍ഡ് മത്സരം ഡയരക്ട് ചെയ്യാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

ഏറെ ഭയത്തോടെയാണ് ഷോ താന്‍ തന്നെ ഡയരക്ട് ചെയ്യണമെന്ന ബച്ചന്റെ നിര്‍ദേശം ഏറ്റെടുത്തതെന്നും 20 ദിവസത്തോളം ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന പരിശീലനത്തിന് ശേഷം ബെംഗളൂരുവില്‍ ഷോ നടക്കേണ്ട ദിവസമെത്തിയപ്പോള്‍ നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ചുമാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നത്.

പ്രിയദര്‍ശന്റെ വാക്കുകളിലൂടെ…

ബച്ചന്‍ ജി എന്നെ ഒരു ദിവസം ഫോണില്‍ വിളിച്ചു. ”പ്രിയന്‍, മിസ് വേള്‍ഡ് മത്സരം ബാംഗ്ലൂരില്‍ നടക്കുകയാണ് ഇത്തവണ. അത് താങ്കള്‍ ഡയറക്ട് ചെയ്യണം.’ ഞാന്‍ ശരിക്കും ഞെട്ടി. കലാസംവിധായകനായ സാബു സിറിളിനെ വിളിച്ച് എന്റെ ആശങ്ക പങ്കുവെച്ചു. ”മിസ് വേള്‍ഡ് നടത്താന്‍ എന്തടിസ്ഥാനത്തിലാണ് എന്നെ വിളിച്ചതെന്ന് പിടികിട്ടുന്നില്ല.” ”പ്രിയാ നമുക്ക് ഒന്നുപോയി അദ്ദേഹത്തെ കാണാം.” സാബു ധൈര്യം പകര്‍ന്നു.

അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയി. ”അമിത് ജീ, 180 രാജ്യങ്ങള്‍ തത്സമയം വീക്ഷിക്കുന്ന ഇവന്റാണ്, എന്നെക്കൊണ്ട് പറ്റുമോ എന്നൊരാശങ്കയുണ്ട്.” ഞാന്‍ തുറന്നുപറഞ്ഞു. ”പ്രിയന്‍, താങ്കള്‍ക്ക് പറ്റും. നിങ്ങള്‍ രണ്ടുപേരെയും ഞാന്‍ പരിശീലനത്തിന് വിടാം.” മറുത്തൊന്നും പറയാന്‍ എനിക്കായില്ല. അങ്ങനെ സൗത്താഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനും ബി.ബി.സിയും സംയുക്തമായി നടത്തുന്ന 20 ദിവസത്തെ പരിശീലനത്തിനായി ഞങ്ങളെ അയച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്നു പരിശീലനം.

തിരിച്ചെത്തിയ ഞാന്‍ ടി.കെ. രാജീവ് കുമാറിനെയും സഹായത്തിനായി വിളിച്ചുവരുത്തി. കാരണം രാജീവിന്റെ അത്ര സ്റ്റേജ് എക്‌സ്പീരിയന്‍സ് എനിക്കില്ല. ഒരുക്കങ്ങള്‍ ബാംഗ്ലൂരില്‍ തുടങ്ങി. പല പ്രശ്‌നങ്ങളായിരുന്നു നേരിടേണ്ടി വന്നത്. മിസ് വേള്‍ഡ് ഷോ ഇന്ത്യയുടെ സംസ്‌കാരത്തിനെതിരാണെന്നും നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.

എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് അമിത്ജീ എന്നെ വിളിക്കും. ”പ്രിയന്‍ നമ്മുടെ അഭിമാനപ്രശ്‌നമാണ് ഈ പരിപാടി. അത് വിജയിപ്പി ക്കണം” എന്ന് അദ്ദേഹം പറയും. എല്ലാ ദിവസവും എന്തൊക്കെയാണ് നടന്നതെന്ന് അദ്ദേഹം കൃത്യമായി അന്വേഷിക്കും.

35 ദിവസമായിരുന്നു റിഹേഴ്‌സല്‍. ഷോ നടക്കുന്ന ദിവസമെത്തി. ”നിങ്ങളെ വിശ്വസിച്ചാണ് ഞാന്‍ ഈ ഷോ ചെയ്യുന്നത്, മോശമായെന്ന് ആരും പറയരുത്’ അദ്ദേഹം പറഞ്ഞു. എല്ലാം ഭംഗിയാകുമെന്ന് ഞാനും ഉറപ്പ് നല്‍കി. ഷോ തുടങ്ങാന്‍ നില്‍ക്കെ പെട്ടെന്ന് മഴ പെയ്തു. കനത്തമഴ.

ആളുകളെല്ലാം കസേരയും മറ്റും തലയില്‍ പൊത്തി ഓടുകയാണ്. എല്ലാം അലങ്കോലമായി. ഞാന്‍ ഏറെ ആരാധിക്കുന്ന അമിതാഭ് ബച്ചന്‍ എല്ലാം തകര്‍ന്നപോലെ സ്റ്റേജില്‍ നില്‍ക്കുകയാണ്. ഷോ നടന്നില്ലെങ്കില്‍ 180 രാജ്യങ്ങളോട് അദ്ദേഹം മറുപടി പറയണം. ഒരുഭാഗത്ത് ഷോയ്ക്ക് തയ്യാറായി നില്‍ക്കുന്ന ഡാന്‍സേഴ്‌സ് അടക്കമുള്ളവര്‍ കരയുകയാണ്. എല്ലാവരുടെ കണ്ണിലും കണ്ണീര്‍ മാത്രം.

ഞാന്‍ അമിത് ജീയുടെ മുഖത്തേക്ക് നോക്കി. സങ്കടമാണോ ദേഷ്യമാണോ എന്നൊന്നും തിരിച്ചറിയാനാവാത്തൊരു ഭാവം. എന്തായിരിക്കും അദ്ദേഹത്തിന്റെ മനസ്സില്‍, എനിക്ക് മനസ്സിലായില്ല. പെട്ടെന്ന് മഴ നിന്നു. അമിതാഭ് ബച്ചന്‍ ഉടന്‍ സ്റ്റേജിന്റെ താഴേക്ക് ചാടിയിറങ്ങി. അലങ്കോലമായി കിടക്കുന്ന കസേരകള്‍ ഓരോന്നായി പെറുക്കി വേദിയുടെ മുന്നില്‍ നിരത്തി.

ഇതുകണ്ട് എല്ലാവരും ഓടിയെത്തി അദ്ദേഹത്തിനൊപ്പം കൂടി. അവസാന കസേര വരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരത്തിയ ശേഷം ഷോ തുടങ്ങി. വിജയകരമായി മുന്നോട്ട് പോയി. അവസാന നിമിഷം നെറ്റിപ്പട്ടം കെട്ടിയ 18 ആനകളുടെ എഴുന്നള്ളത്ത് കൂടിയായപ്പോള്‍ ആളുകള്‍ ഹര്‍ഷാരവം മുഴക്കി. ഷോ അവസാനിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ ഓടിവന്ന് എന്നെയും രാജീവിനെയും സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. ജീവിതത്തില്‍ ഇന്നുവരെ അതിനുമുകളില്‍ നില്‍ക്കുന്ന മറ്റൊരു അനുഭവം എനിക്ക് കിട്ടിയിട്ടില്ല’, പ്രിയദര്‍ശന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Director Priyadarshan share an experience with Amitabh Bachan in Miss World Competition Bengaluru

We use cookies to give you the best possible experience. Learn more