ചെന്നൈ നുങ്കമ്പാക്കം വള്ളുവര്‍കോണം വീരഭദ്രന്‍ സ്ട്രീറ്റിലെ സംവിധായകന്‍ പ്രിയദര്‍ശന്റെ വീട്ടിലേക്ക് ഇത്തവണ രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് എത്തിയിരിക്കുന്നത്. അച്ഛന് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മകന്‍ സിദ്ധാര്‍ഥിന് അതേ ചിത്രത്തിലെ സ്‌പെഷല്‍ ഇഫക്റ്റിനുള്ള അംഗീകാരവും.
മരയ്ക്കാറിന്റെ സ്‌പെഷല്‍ ഇഫക്റ്റ്‌സ് ജോലികള്‍ താന്‍ മകനെ ഏല്‍പ്പിച്ചത് തന്നെ ബാഹുബലിയിലെ പോലെ വന്‍ പ്രതിഫലം കൊടുത്ത് വിദേശികളെ കൊണ്ടുവരാന്‍ കഴിയാത്തതുകൊണ്ടാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
മകന് വി.എഫ്.എക്‌സില്‍ ബിരുദമെടുത്ത് അമേരിക്കയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്. ആ പരിചയം വെച്ചാണ് മരക്കാറിനു വേണ്ടി വര്‍ക്ക് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് സ്‌പെഷല്‍ ഇഫക്റ്റ്‌സ് വളരെ പ്രധാനമായിരുന്നു. ഇനി പ്രേക്ഷകരുടെ അംഗീകാരമാണു വേണ്ടത്. ഇതിലും വലിയ അംഗീകാരമാണ് പ്രേക്ഷകരില്‍ നിന്നു കിട്ടേണ്ടത്, പ്രിയദര്‍ശന്‍ പറയുന്നു.
പ്രിയന്റെ 94ാം ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മുമ്പ് കാഞ്ചീവരം എന്ന തമിഴ് സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത് ആദ്യമാണ്. മലയാളത്തിന് അംഗീകാരം കിട്ടിയതിലെ സംതൃപ്തി മറ്റൊന്നിനുമില്ലെന്നാണ് പ്രിയന്‍ പറയുന്നത്. ഞാന്‍ ആളുകളെ രസിപ്പിക്കുന്ന സിനിമയെടുക്കുന്നയാളാണ്. കമേര്‍ഷ്യല്‍ സിനിമയ്ക്കുള്ള അംഗീകാരമാണ് മരക്കാറിനു കിട്ടിയത്. അതില്‍ അഭിമാനമുണ്ട്.
ഇത്ര വലിയൊരു കാന്‍വാസിലുള്ള സിനിമ മലയാളത്തില്‍ എടുക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നെന്നും ഇതില്‍ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി അനേകം ഭാഷകളിലെ നടീനടന്‍മാരുണ്ടെന്നും ആ അര്‍ഥത്തില്‍ ഇതൊരു ഇന്ത്യന്‍ സിനിമയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. അതേസമയം ഇത് ഒരു കുടുംബ സിനിമയുമാണ്. മകന്‍ സിദ്ധാര്‍ഥും മകള്‍ കല്യാണിയും കീര്‍ത്തി സുരേഷും മോഹന്‍ ലാലും സാബുവുമെല്ലാം കൈകോര്‍ക്കുന്ന സിനിമ, പ്രിയന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Priyadarshan Says why Marakkar’s special effects job was given to his son