സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശന കമന്റുകള്‍. മഴ പെയ്യുന്നതിനിടയില്‍ കുട പിടിച്ചുകൊണ്ട് പ്രസംഗിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘നമ്മുടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു’ എന്നായിരുന്നു അദ്ദേഹം ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയത്. ഈ വാചകത്തിനെതിരെയാണ് പ്രധാനമായും വിമര്‍ശനമുയരുന്നത്. ട്രോള്‍ രൂപത്തിലാണ് മിക്ക കമന്റുകളും.
കുട പിടിച്ചു നില്‍ക്കുന്ന പല ലോകനേതാക്കളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഒരു കൂട്ടം കമന്റുകള്‍. ഇവരുടെ ലാളിത്യത്തെ അഭിനന്ദിക്കുന്നുവെന്ന ക്യാപ്ഷനാണ് ഫോട്ടോയ്‌ക്കൊപ്പം കമന്റുകളില്‍ വെച്ചിരിക്കുന്നത്.
എന്ത് ലാളിത്യമാണ് നിങ്ങള്‍ ശരിക്കും ഉദ്ദേശിച്ചതെന്ന ചോദ്യവും ലാളിത്യമൊന്നുമല്ല സംവിധായകനായ പ്രിയദര്‍ശന് ആ ഫോട്ടോയുടെ ഫ്രെയിം ഇഷ്ടമായതാണ് പോസ്റ്റ് ചെയ്യാന്‍ കാരണമെന്നും ചില കമന്റുകളില്‍ പറയുന്നു.
ഇന്ത്യയിലെ മികച്ച നടനായ പ്രധാനമന്ത്രിയുടെ കഴിവ് തിരിച്ചറിയണമെന്നും സിനിമയില്‍ അവസരം നല്‍കണമെന്നുമുള്ള കമന്റിനാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്തിരിക്കുന്നത്. ആ കമന്റിനുള്ള മറുപടികളിലും ട്രോളുകള്‍ നിറയുന്നുണ്ട്.
മാസ്‌ക് വെക്കാതെ മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയുടെ നടപടി ലാളിത്യമല്ല, കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി എന്ന് സ്വര്‍ണ്ണനൂലുകള്‍ കൊണ്ട് സ്വന്തം കോട്ടില്‍ തുന്നിച്ചേര്‍ത്തതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ലാളിത്യമായി താന്‍ കണ്ടിട്ടുള്ളതെന്നും ഒരാള്‍ കമന്റില്‍ പറഞ്ഞു. ആ പെട്രോള്‍-ഡീസല്‍ വില കൂടി കുറച്ചിരുന്നെങ്കില്‍ കുറച്ചു കൂടി ലാളിത്യമായിരുന്നേനെയെന്നും കമന്റുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്.