| Wednesday, 28th September 2022, 12:53 pm

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ടെക്‌നീഷ്യന്‍മാരിലൊരാളാണ് അമല്‍, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമാ ടെക്‌നീഷ്യനാണ് അമല്‍ നീരദെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മഴവില്‍ മനോരമ ചാനല്‍ സംഘടിപ്പിച്ച എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

‘ബെസ്റ്റ് എന്റര്‍ടെയ്‌നര്‍ ഡയറക്ടര്‍ ഓഫ് 2021’ പുരസ്‌കാരം സംവിധായകന്‍ അമല്‍ നീരദിന് സമ്മാനിച്ചുകൊണ്ടായിരുന്നു തനിക്ക് അദ്ദേഹത്തോടുള്ള ആരാധനയെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്.

”ഇത് അത്രയും അര്‍ഹതയുള്ള അവാര്‍ഡാണ്. ദിസ് ഈസ് ദ മോസ്റ്റ് പെര്‍ഫക്ട് അവാര്‍ഡ് ഡിസിഷന്‍.

ആക്ച്വലി എനിക്ക് അമലിനോട് ഒരു കാര്യം പറയാനുണ്ട്. ഞാന്‍ ഇയാളുടെ ഒരു വലിയ ഫാനാണ്. ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് ടെക്‌നീഷ്യന്‍മാരില്‍ ഒരാളാണ് അമല്‍ നീരദ്, പ്രത്യേകിച്ചും ഒരു സിനിമാറ്റോഗ്രഫറെന്ന നിലയില്‍.

നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അത് നടക്കുമെന്നാണ് പ്രതീക്ഷ,” പ്രിയദര്‍ശന്‍ പറഞ്ഞു.

”താങ്ക്‌യൂ മമ്മൂക്ക, താങ്ക്‌യൂ മഴവില്‍ മനോരമ, താങ്ക്‌യൂ സോ മച്ച്,” എന്നായിരുന്നു പുരസ്‌കാരം ഏറ്റവാങ്ങിക്കൊണ്ട് അമല്‍ നീരദ് പ്രതികരിച്ചത്. ഭീഷ്മ പര്‍വത്തിന്റെ സംവിധാനത്തിനാണ് അമല്‍ നീരദിന് പുരസ്‌കാരം ലഭിച്ചത്.

മഴവില്‍ അവാര്‍ഡിലെ, 2021ലെ ഏറ്റവും മികച്ച എന്റര്‍ടെയ്‌നര്‍ സിനിമക്കുള്ള പുരസ്‌കാരവും ഭീഷ്മ പര്‍വത്തിന് തന്നെയായിരുന്നു ലഭിച്ചത്. മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ്, മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, ആസിഫ് അലി, നിവിന്‍ പോളി തുടങ്ങി നിരവധി താരങ്ങള്‍ മഴവില്‍ മനോരമ അവാര്‍ഡ് ഷോയില്‍ പങ്കെടുത്തിരുന്നു.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വം കൊവിഡിന് ശേഷം വീണ്ടും തുറന്ന തിയേറ്ററുകളില്‍ ആഘോഷമായി മാറിയിരുന്നു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ചിത്രം റെക്കോഡ് കളക്ഷനായിരുന്നു നേടിയത്.

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിന് വേണ്ടിയും വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ മരക്കാര്‍; അറബിക്കടലിന്റെ സിംഹം ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രം. വമ്പന്‍ ഹൈപ്പിലെത്തിയ മരക്കാര്‍ പക്ഷെ തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്.

Content Highlight: Director Priyadarshan praises Amal Neerad

We use cookies to give you the best possible experience. Learn more