| Wednesday, 1st December 2021, 9:35 am

കിളിചുണ്ടന്‍ മാമ്പഴത്തിലെ ഭാഷ മനസിലാകാതെ പോയത് വായന കുറഞ്ഞതുകൊണ്ടായിരിക്കും; കുഞ്ഞാലിമരക്കാറിലേത് എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷ; പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കുഞ്ഞാലിമരക്കാറില്‍ എല്ലാവര്‍ക്കും മനസിലാവുന്ന ഒരു ഭാഷ എന്ന തരത്തിലാണ് കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കിളിചുണ്ടന്‍ മാമ്പഴത്തില്‍ ഭാഷക്കെതിരെ വിമര്‍ശനം ഉയര്‍ന്നത് സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതുകൊണ്ടായിരിക്കാമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അത്തരമൊരു വിമര്‍ശനം ഉണ്ടായതിന് കാരണമായി തോന്നുന്നത് ഇന്നത്തെ സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതിന്റെ പ്രധാനപ്രശ്‌നമായിരിക്കാം. കാരണം ഉമ്മാച്ചു, സ്മാരകശിലകള്‍ ഒന്നും വായിക്കാത്തവര്‍ക്ക് ഒരുപക്ഷേ കിളിചുണ്ടന്‍ മാമ്പഴത്തിലെ ഭാഷ മനസിലാകില്ല എന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

ഇത്തവണ കുഞ്ഞാലിമരക്കാറില്‍ ഭാഷ ഒന്ന് ലൈറ്റ് ആക്കിയിട്ടുണ്ടെന്നും ഇനി ആ കുറ്റം ആരും പറയേണ്ടല്ലോ എന്ന് കരുതിയാണ് അതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ ഇറങ്ങില്ലെന്നും ഒരുപാട് പേര് ഇതിനെ കുറിച്ച് നിരൂപണം പറയും അതൊക്കെ സിനിമയുടെ ഭാഗമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

കുഞ്ഞാലിമരക്കാറില്‍ ഒരു ഭാഷയായിട്ടല്ല ഉപയോഗിച്ചത്. എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലുള്ള ഒരു ഭാഷ എന്ന തരത്തിലാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director Priyadarshan open up about language controversy in Kilichundan mambazham and Marakkar arabikadalinte simham

We use cookies to give you the best possible experience. Learn more