| Monday, 2nd January 2017, 8:13 am

എം.ടിയുടെ തല രാഷ്ട്രീയക്കാര്‍ക്ക് പന്തുതട്ടാനുള്ളതല്ലെന്ന് പ്രിയദര്‍ശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തൃശൂര്‍: എം.ടി. വാസുദേവന്‍ നായരുടെ തല രാഷ്ട്രീയക്കാര്‍ക്കു പന്തുതട്ടാന്‍ ഉള്ളതല്ലെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാളത്തിലെ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനാണ് എം.ടിയെന്നും ബഹുമാനം മാത്രമാണ് അദ്ദേഹത്തിനു നല്‍കിയിട്ടുള്ളതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

നോട്ട് നിരോധനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിച്ചതിന് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം കടുത്തവിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം.

എം.ടി മോദിയുടെ ശത്രുവോ മിത്രമോ അല്ല. അതാതു കാലത്തെ പ്രതിസന്ധികളെ തന്റെ രചനകളിലൂടെ അദ്ദേഹം എന്നും വിലയിരുത്തിയിട്ടുണ്ട്. എം.ടി പറയുന്നതു മനസിലാക്കാനുള്ള കഴിവാണ് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാകേണ്ടതെന്ന് പറഞ്ഞ പ്രിയദര്‍ശന്‍ അതുണ്ടായാല്‍ എം.ടി പറഞ്ഞത് അനുകൂലമാണെന്ന് ചിലരും എതിരാണെന്ന് മറ്റു ചിലരും പറയുന്നതിന്റെ പൊള്ളത്തരം മനസിലാകുമെന്നും കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു പ്രിയദര്‍ശന്‍.


എങ്ങോട്ടും ചായ്വില്ലാതെ ജീവിച്ചതുകൊണ്ടാണ് എം.ടിയെ കേരളം ഇങ്ങനെ ആദരിക്കുന്നത്. സ്വന്തം സൃഷ്ടികളില്‍ കമ്യൂണിസത്തെയും ഹിന്ദുത്വത്തെയും അദ്ദേഹം തിരുത്തിയിട്ടും അനുകൂലിച്ചിട്ടുമുണ്ട്. അതു മനസിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കണമെന്നും പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി.


എം.ടിയുടെ വിമര്‍ശനത്തിന് പിന്നാലെ, പ്രധാനമന്ത്രിക്കെതിരെ പറയാന്‍ എം.ടിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും വിഷയത്തില്‍ എം.ടിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ എം.ടിക്ക് പിന്തുണയുമായി വി.എസ് അച്യുതാനന്ദന്‍, ധനമന്ത്രി തോമസ് ഐസക്ക്, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരരന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

കറന്‍സി പിന്‍വലിച്ച് രാജ്യങ്ങളെല്ലാം നേരിട്ടത് വലിയ ആപത്താണെന്നും, നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയെന്നും എം.ടി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.

We use cookies to give you the best possible experience. Learn more