കൊച്ചി: ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം രമേശ് സിപ്പി, സര്‍ ഡേവിഡ് ലീന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്നെ വലിയ ഫ്രെയിമുകളില്‍ സിനിമയെടുക്കാന്‍ പഠിപ്പിച്ചവര്‍ക്ക് പുരസ്‌കാരം സമ്മാനിക്കുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളിലൊന്നായ ഷോലെയുടെ സംവിധായകനാണ് രമേശ് സിപ്പി. ദ ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ കീ, ഡോക്ടര്‍ ഷിവാഗോ പോലുള്ള ലോക ക്ലാസ്സിക്കുകള്‍ സമ്മാനിച്ച സംവിധായകനാണ് ഡേവിഡ് ലീന്‍.
മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടിയത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരത്തെ കൂടാതെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവര്‍ നേടി.
സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.
മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.