റോജിന്‍ തോമസ് സംവിധാനം ചെയ്ത സിനിമയായ ഹോമിനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. മഹാമാരിക്കാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നാണ് ഹോം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
ഹോമിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയദര്‍ശന്‍ അയച്ച ടെക്സ്റ്റ് മെസേജ് ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണ് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. ഈ അഭിനന്ദനം തന്നെ ഏറെ സന്തോഷവാനാക്കിയെന്നാണ് വിജയ് ബാബു എഴുതിയത്.
ആഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഹോമിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റോജിന്‍ തോമസ് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഇന്ദ്രന്‍സായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
മഞ്ജു പിള്ള, കൈനകരി തങ്കരാജ്, ശ്രീനാഥ് ഭാസി, നസ്‌ലന്‍, ദീപ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സാങ്കേതികവിദ്യയുടെ വികാസവും സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും ജനറേഷന്‍ ഗ്യാപ്പും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനുഷ്യബന്ധങ്ങളും കുടുംബവും മക്കളും മാതാപിതാക്കളും തമ്മിലുള്ള വൈകാരിക അടുപ്പവും അകലവും തുടങ്ങി നിരവധി വിഷയങ്ങള്‍ സിനിമയില്‍ കടന്നുവന്നിരുന്നു.
സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റെന്ന സാധാരണക്കാരനായ കുടുംബനാഥനെ അവതരിപ്പിച്ച ഇന്ദ്രന്‍സ് ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഒലിവര്‍ ട്വിസ്റ്റിന്റെ ഭാര്യയായ കുട്ടിയമ്മയെ സ്വാഭാവികതയോടെ അവതരിപ്പിച്ച മഞ്ജു പിള്ളയും വലിയ അഭിനന്ദനങ്ങള്‍ നേടിയിരുന്നു.
ശ്രീനാഥ് ഭാസിയുടെ ആന്റണിയും നസ്‌ലന്റെ ചാള്‍സും കൈനകരി തങ്കരാജിന്റെ അപ്പാപ്പന്‍ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയെയും സംവിധാനത്തെയും അഭിനന്ദിച്ചുകൊണ്ട് സിനിമാലോകത്ത് നിന്നുതന്നെ നിരവധി പേരെത്തിയിരുന്നു.