തന്നെപ്പറ്റി സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ‘എന്ത് മിടുക്കനായ ഒരു പയ്യനാണ്, എന്ത് രസമാണ് അവന്റെ പെരുമാറ്റം, ഇവനെയൊക്കെ വെച്ചിട്ട് എങ്ങനെയാണ് ട്രോളുണ്ടാക്കാന്‍ തോന്നുന്നത് എന്ന് ഒരിക്കല്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നെന്നും അത് കേട്ടിരുന്നോ’ എന്നുമുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറുപടി.
താന്‍ അക്കാര്യം കേട്ടിരുന്നെന്നും തന്നോടിതിനെക്കുറിച്ച് പറഞ്ഞത് കല്യാണിയാണെന്നുമായിരുന്നു ഷൈനിന്റെ മറുപടി.
‘ആദ്യം എന്റെ അടുത്ത് കല്യാണിയാണ് ഇക്കാര്യം പറയുന്നത്. പപ്പ നിങ്ങളുടെയൊക്കെ ഫാനാണ് എന്ന്. പിന്നെ പ്രിയന്‍ സാര്‍ ഇപ്പോഴും പുതിയ സിനിമകളൊക്കെ കാണുന്നുണ്ടെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്,’ ഷൈന്‍ പറഞ്ഞു.
പ്രിയദര്‍ശന്റെ സിനിമകളും ആ ചിത്രങ്ങളിലെ മോഹലാലിന്റെ കഥാപാത്രങ്ങളും കണ്ടിട്ടാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും സിനിമകളിലേക്ക് വരാന്‍ ആകര്‍ഷിച്ചവര്‍ തന്നെ അവരുടെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ വെറെയോന്നും നോക്കില്ലെന്നും നടന്‍ പറഞ്ഞു.
‘ ചിത്രം, താളവട്ടം പോലുള്ള പ്രിയന്‍ സാറിന്റെ സിനിമകളും അതിലെ മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രവും പാട്ടുകളുമെല്ലാമാണ് എന്നെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നത്. അതിനുശേഷം പ്രിയന്‍സാര്‍ ഒരു പടം ചെയ്യാന്‍ വേണ്ടി വിളിക്കുന്നു. ഇവരുടെ സിനിമകള്‍ മൂലമാണ് ഞാനൊക്കെ സിനിമയിലേക്ക് വരാന്‍ ഇന്‍സ്പയേര്‍ഡ് ആകുന്നത്. പിന്നെ ഇവര്‍ സിനിമ ചെയ്യാന്‍ വിളിക്കുമ്പോള്‍ വെറെയൊന്നും നോക്കില്ല. നമ്മള്‍ പോയി അങ്ങോട്ട് ചെയ്യും.
ഇപ്പോള്‍ ഞാന്‍ ഇടക്ക് പ്രിയന്‍സാറിനെ വിളിച്ച് ചോദിക്കും, സാറെ പടം ചെയ്യുന്നില്ലെയെന്ന്. ഇല്ല ഇനി ഹിന്ദിയിലൊക്കെ സിനിമ ചെയ്യ്തിട്ട് ഒരു രണ്ട് വര്‍ഷം കഴിഞ്ഞിട്ടേ മലയാളത്തിലേക്ക് ഉള്ളുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പിന്നെ ഹിന്ദി സംസാരിക്കാത്ത ക്യാരക്ടര്‍ വല്ലതും ചെയ്യാം എന്ന് ഞാനും പറയും,’ ഷൈന്‍ ടോം പറയുന്നു.
ഒരു നടന്‍ എന്ന രീതിയില്‍ ട്രോളുകള്‍ പൂര്‍ണമായും ദോഷമല്ലെന്നും ചിലനേരത്ത് ഗുണമാണെന്നു ഷൈന്‍ അഭിപ്രായപ്പെട്ടു. പക്ഷേ നമ്മളെ കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നത് വീട്ടുകാര്‍ക്ക് വിഷമം ഉണ്ടാക്കുമെന്നും നടന്‍ പറഞ്ഞു.
‘ട്രോളുകള്‍ കൂടുതലായിട്ട് വരുന്നതുകൊണ്ട് കൂടിയാണ് നമ്മള്‍ കൂടുതല്‍ ആളുകളിലേക്ക് റീച്ചാകുന്നത്. നമുക്ക് ട്രോളുകള്‍ എപ്പോഴും പൂര്‍ണമായിട്ടും ദോഷമല്ല ചെയ്യുന്നത്, ഗുണങ്ങളും ഉണ്ടാകുന്നുണ്ട്. ഇങ്ങനെ ട്രോളുകളും അഭിമുഖങ്ങളും ഇല്ലെങ്കില്‍ നമ്മള്‍ ഇത്ര റീച്ചാകില്ല.
പക്ഷേ ഇല്ലാത്ത ചെയ്യാത്ത കാര്യങ്ങള്‍ പറയുമ്പോഴാണ് ദേഷ്യവും വിഷമവും വരുന്നത്. നമ്മളെക്കാള്‍ കൂടുതലായിട്ട് വിഷമിക്കുന്നത് വീട്ടുകാരും ചുറ്റുമുള്ളവരുമാണ്. അപ്പോഴാണ് നമുക്ക് കൂടുതല്‍ ദേഷ്യം വരുന്നത്. ഉള്ളത് പറയുമ്പോള്‍ കുഴപ്പമില്ല, ഇല്ലാത്ത കാര്യങ്ങള്‍ പറയും എന്നിട്ട് അത് പെരുപ്പിച്ച് കാണിക്കും. അപ്പോള്‍ കുറച്ച് ദേഷ്യം വരും,’ ഷൈന്‍ പറഞ്ഞു.
Content Highlight: Director Priyadarshan Comment and Shine Tom Chacko and his answer