ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് കൊറോണ പേപ്പഴ്‌സ്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് പ്രിയദര്‍ശനിപ്പോള്‍. പ്രിയദര്‍ശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്.
പുതിയ തലമുറയില്‍ പെട്ടവരെ വെച്ച് സിനിമ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ സ്വന്തം മക്കളെ വെച്ച് സിനിമ ചെയ്യുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പുതിയ തലമുറ കൃത്യമായി അവരുടെ ജോലികള്‍ ചെയ്യുമെന്നും മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.
‘ന്യു ജനറേഷന്‍ താരങ്ങളെ വെച്ച് സിനിമ ചെയ്താല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അവര്‍ സീനിയര്‍ സംവിധായകരെ മൈന്‍ഡ് ചെയ്യില്ലെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം മക്കളെ വെച്ച് സിനിമ ചെയ്യുന്നത് പോലെ 40 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. രസകരമായ അനുഭവമായിരുന്നു അത്.
കൃത്യമായി ജോലി ചെയ്യുന്നവരാണ് പുതിയ താരങ്ങള്‍. പുതിയ തലമുറ സീനിയേഴ്‌സിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്ന് സിഗരറ്റ് വലിക്കും എന്നൊക്കെ അക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല. കാലം മാറി, ചിന്താഗതികളിലും മാറ്റമുണ്ടായി.
കൊവിഡ് കാലത്ത് നടക്കുന്ന ഒരു ക്രൈം ത്രില്ലറാണിത്. ഒരു കൊച്ച് പടമാണ്. അവകാശ വാദങ്ങളൊന്നുമില്ല. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമാണ്. മോഹന്‍ലാലും എം.ജി ശ്രീകുമാറും തമാശയും പാട്ടുമൊന്നുമില്ല. ഞാന്‍ തന്നെ എഴുതി നിര്‍മിക്കുന്ന സിനിമയാണ്. വിജയിച്ചാലും പൊളിഞ്ഞാലും ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ.
ചില സംവിധായകര്‍ എടുക്കുന്ന സിനിമകളില്‍ അവരുടെ കയ്യൊപ്പുണ്ടാകും. എന്റെ സിനിമകളില്‍ അതില്ല. എല്ലാ തരം സിനിമകളും എടുക്കുന്നയാളാണ് ഞാന്‍. പുതിയ താരങ്ങളും സാങ്കേതികവിദ്യയുമൊക്കെ വന്നപ്പോള്‍ ഈ സിനിമ വ്യത്യസ്തമായി. ന്യു ജനറേഷന്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് പറയാതെ അവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കണം,’ പ്രിയദര്‍ശന്‍ പറഞ്ഞു.
content highlight: director priyadarshan about shine tom chacko and shane nigam