തിരക്കഥ എങ്ങനെയാണ് എഴുതേണ്ടതെന്ന് ഇന്നും എനിക്ക് അറിയില്ല, പല പ്രാവശ്യവും ഞാന്‍ പരാജയപ്പെട്ടു പോയിട്ടുണ്ട്: പ്രിയദര്‍ശന്‍
Entertainment news
തിരക്കഥ എങ്ങനെയാണ് എഴുതേണ്ടതെന്ന് ഇന്നും എനിക്ക് അറിയില്ല, പല പ്രാവശ്യവും ഞാന്‍ പരാജയപ്പെട്ടു പോയിട്ടുണ്ട്: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th February 2023, 5:02 pm

ഇന്നും എങ്ങനെയാണ് തിരക്കഥ എഴുതേണ്ടതെന്ന് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആ കാര്യം താന്‍ ദിവസവും പഠിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരക്കഥയെഴുതുന്നതില്‍ പലപ്പോഴും താന്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും ചിലപ്പോള്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്നും എങ്ങനെയാണ് രസകരമായ ഒരു തിരക്കഥ എഴുതേണ്ടതെന്ന് എനിക്ക് അറിയില്ല. കാരണം ആ ഒരു കാര്യം നമ്മള്‍ ദിവസവും പഠിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. പല പ്രാവശ്യവും ഞാന്‍ പരാജയപ്പെട്ടു പോയിട്ടുണ്ട്. ചില സമയത്ത് വിജയിച്ചിട്ടുമുണ്ട്.

പക്ഷെ ഒരു കഥയുടെ തിരക്കഥയെ മറ്റൊരു കഥയുടെ തിരക്കഥയോട് താരതമ്യം ചെയ്യുമ്പോള്‍ എങ്ങനെയാണ് വ്യത്യാസപെട്ടിരിക്കുന്നതെന്ന് എനിക്ക് മനസിലാകാറില്ല. ഈ തിരക്കഥ എന്തുകൊണ്ട് എഫക്ടീവായി മറ്റേത് എന്തുകൊണ്ട് എഫക്ടീവായില്ല എന്നത് എനിക്ക് ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എല്ലാവര്‍ക്കും ലോകത്ത് ഇഷ്ടപെട്ട സിനിമയില്ല. കുറച്ചധികം ആളുകള്‍ക്ക് ഇഷ്ടപെട്ടാല്‍ ആ സിനിമ വിജയകരമായി എന്ന് പറയാം. അതാണ് ഞാന്‍ വിശ്വസിക്കുന്നത്,” പ്രിയദര്‍ശന്‍ പറഞ്ഞു.

മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കിയ മരക്കാര്‍ അറബികടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാലിനൊപ്പം വന്‍താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

content highlight: director priyadarshan about script