| Thursday, 9th February 2023, 12:27 pm

പുതുതലമുറയോട് കോംപ്ലക്‌സുണ്ട്, അവര്‍ ഞങ്ങളേക്കാള്‍ നല്ല സിനിമകള്‍ ചെയ്യുന്നു: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തങ്ങളുടെ തലമുറ ചെയ്തതിനേക്കാള്‍ നല്ല സിനിമകളാണ് ഇപ്പോഴുള്ള പുതുതലമുറ ചെയ്യുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. പുതുതലമുറയോട് തങ്ങള്‍ക്ക് കോംപ്ലക്‌സുണ്ടെന്നും ഇന്നത്തെ തലമുറയോട് പിടിച്ച് നില്‍ക്കുകയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ഇത്രയും കാലത്തെ സിനിമാ എക്‌സ്പീരിയന്‍സ് ഉള്ളത് കൊണ്ട് മാത്രമാണ് തങ്ങള്‍ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.

”നമ്മളേക്കാള്‍ നല്ല സിനിമകളാണ് ഇപ്പോഴുള്ള ജനറേഷന്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ആ ഒരു കോംപ്ലക്‌സോടെയാണ് ഞങ്ങളൊക്കെ പിടിച്ചു നില്‍ക്കുന്നത്. പിടിച്ചു നില്‍ക്കുക എന്ന വാക്ക് ശ്രദ്ധിക്കണം.

ഇന്നത്തെ പുതുതലമുറയുടെയൊപ്പം ഞങ്ങള്‍ പിടിച്ച് നില്‍ക്കുകയാണ്. ഇത്രയും കാലത്തെ അനുഭവങ്ങള്‍ ഉള്ളത് കൊണ്ട് മാത്രം നമ്മള്‍ മുന്നോട്ട് പോവുന്നു എന്നേയുള്ളു,” പ്രിയദര്‍ശന്‍ പറഞ്ഞു.

കൂടാതെ ഇന്നും എങ്ങനെയാണ് തിരക്കഥ എഴുതേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും ആ കാര്യം താന്‍ ദിവസവും പഠിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥയെഴുതുന്നതില്‍ പലപ്പോഴും താന്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും ചിലപ്പോള്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”ഇന്നും എങ്ങനെയാണ് രസകരമായ ഒരു തിരക്കഥ എഴുതേണ്ടതെന്ന് എനിക്ക് അറിയില്ല. കാരണം ആ ഒരു കാര്യം നമ്മള്‍ ദിവസവും പഠിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. പല പ്രാവശ്യവും ഞാന്‍ പരാജയപ്പെട്ടു പോയിട്ടുണ്ട്. ചില സമയത്ത് വിജയിച്ചിട്ടുമുണ്ട്.

പക്ഷെ ഒരു കഥയുടെ തിരക്കഥയെ മറ്റൊരു കഥയുടെ തിരക്കഥയോട് താരതമ്യം ചെയ്യുമ്പോള്‍ എങ്ങനെയാണ് വ്യത്യാസപെട്ടിരിക്കുന്നതെന്ന് എനിക്ക് മനസിലാകാറില്ല. ഈ തിരക്കഥ എന്തുകൊണ്ട് എഫക്ടീവായി മറ്റേത് എന്തുകൊണ്ട് എഫക്ടീവായില്ല എന്നത് എനിക്ക് ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എല്ലാവര്‍ക്കും ലോകത്ത് ഇഷ്ടപെട്ട സിനിമയില്ല. കുറച്ചധികം ആളുകള്‍ക്ക് ഇഷ്ടപെട്ടാല്‍ ആ സിനിമ വിജയകരമായി എന്ന് പറയാം. അതാണ് ഞാന്‍ വിശ്വസിക്കുന്നത്,” പ്രിയദര്‍ശന്‍ പറഞ്ഞു.

മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കിയ മരക്കാര്‍ അറബികടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാലിനൊപ്പം വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

content highlight: director priyadarshan about new film makers

We use cookies to give you the best possible experience. Learn more