മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ചിത്രം’. 1988ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും മലയാലത്തിലെ ക്ലാസിക് ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്.
എന്നാല്‍ ചിത്രം സിനിമയുടെ ചില രംഗങ്ങളുടെ കാര്യത്തില്‍ മോഹന്‍ലാലിന് വിശ്വാസക്കുറവുണ്ടായിരുന്നെന്നും ലാലിന്റെ തന്നെ ചില ചിത്രങ്ങളുടെ പരാജയമായിരുന്നു അത്തരമൊരു സംശയത്തിന് കാരണമായതെന്നും പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
ഇത്തരമൊരു സിനിമ ചെയ്യണോയെന്ന് ചില നിര്‍മാതാക്കള്‍ ലാലിനോട് തന്നെ ചോദിച്ചിരുന്നെന്നും അതും ലാലിനെ ആശയക്കുഴപ്പത്തിലാക്കിയെന്നും പ്രിയദര്‍ശന്‍ കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ചിത്രം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് 10 ദിവസത്തിന് ശേഷമായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ഏറെ പ്രതീക്ഷ വച്ച ആ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു.
ഇത് മോഹന്‍ലാലിനെ നിരാശപ്പെടുത്തിയിരുന്നു. ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ സര്‍’ എന്ന് മോഹന്‍ലാല്‍ ക്ലൈമാക്‌സില്‍ ചോദിക്കുന്ന ഒരു രംഗമുണ്ട്. ആ സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ മദ്രാസിലെ ചില വലിയ പ്രൊഡ്യൂസര്‍മാര്‍ വന്നിട്ട് എന്തിനാണ് ഇങ്ങനത്തെ സിനിമകളിലൊക്കെ അഭിനയിക്കുന്നത്, ഒരു ഹീറോ ആയിട്ട് വന്നുകൊണ്ടിരിക്കുകയല്ലേ എന്നൊക്കെ ലാലിനോട് ചോദിച്ചു.
ഇതൊക്കെ കേട്ടപ്പോള്‍ ലാല്‍ ആകെ അപ്‌സറ്റ് ആയി. സീക്വന്‍സ് ഷൂട്ട് ചെയ്‌തെങ്കിലും ആ സീന്‍ ശരിയായില്ല. ഈശ്വരാനുഗ്രഹം കൊണ്ട് പടം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രഞ്ജിനിക്ക് ഒരു അസുഖം വന്ന് നിന്നുപോയി. പിന്നീട് ഒന്നര വര്‍ഷത്തിന് ശേഷമാണ് ബാക്കി സീനുകളെല്ലാം ഷൂട്ട് ചെയ്യുന്നത്.
ആ സമയത്ത് ഈ സീന്‍ ഞാന്‍ റീ ഷൂട്ട് ചെയ്തു. അപ്പോഴേക്കും ആര്യന്‍, വെള്ളാനകളുടെ നാട് ഇങ്ങനെയുള്ള ഹിറ്റുകളൊക്കെ വന്നുകഴിഞ്ഞു. ലാലിന് എന്റെ മേലുള്ള വിശ്വാസം കൂടി. അങ്ങനെയിരിക്കെ ഈ രംഗം വീണ്ടും ഷൂട്ട് ചെയ്തപ്പോള്‍ ലാല്‍ മനോഹരമായി പെര്‍ഫോം ചെയ്തു. അതിന് ശേഷം ഞാന്‍ ഈ രണ്ട് രംഗങ്ങളും എഡിറ്റിങ് റൂമിലിട്ട് ലാലിന് കാണിച്ചുകൊടുത്തു’, പ്രിയദര്‍ശന്‍ പറയുന്നു.
ചിത്രം സിനിമ ഇറങ്ങുന്നതിന് മുന്‍പ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പ്രിവ്യൂ കണ്ട് പുറത്തുവന്നപ്പോള്‍ അവര്‍ക്കും അവരുടേതായ ഒരു സംശയം സിനിമയുടെ കാര്യത്തിലുണ്ടായിരുന്നെന്നും എന്നാല്‍ തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവര്‍ അക്കാര്യം പറഞ്ഞിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.