മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. വലിയ പ്രതീക്ഷകളുയര്‍ത്തി പുറത്തിറങ്ങിയ ബിഗ് ബജറ്റ് സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ചിത്രം മുന്നോട്ട് വെച്ച ചരിത്രം അടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. മരക്കാര്‍ ഒരു മോശം സിനിമയാണെന്ന് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
സിനിമ പ്രേക്ഷകര്‍ക്ക് മോശമായി തോന്നിയിട്ടുണ്ടെങ്കില്‍ അത് താന്‍ സമ്മതിക്കുന്നുവെന്നും പലയാവര്‍ത്തി റിലീസ് ഡേറ്റ് മാറ്റിവെച്ചത് സിനിമയുടെ ആസ്വാദനത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെയും സംവിധായകന്റെയും പുറത്ത് പ്രേക്ഷര്‍ കൊടുക്കുന്ന പ്രതീക്ഷ വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പേപ്പേഴ്‌സ് എന്ന പുതിയ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
‘എല്ലാംകൊണ്ടും നിര്‍ഭാഗ്യം പിടിച്ച സിനിമയായിരുന്നു മരക്കാര്‍. മൂന്നോ നാലോ പ്രാവശ്യം ആ സിനിമയുടെ റിലീസ് അനൗണ്‍സ് ചെയ്തു. അന്ന് സിനിമ റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെയും സിനിമയുടെ പോസ്റ്റര്‍ വരെ ഒട്ടിച്ചു. എന്നിട്ടും കുറേകാലം പെട്ടിയിലിരുന്നു. അതിനുശേഷം സിനിമ ഒ.ടി.ടിയില്‍ പോകണോ തിയേറ്ററില്‍ പോകണോ എന്ന സംശയം വരെ വന്നു.
മരക്കാര്‍ എന്ന സിനിമ മോശമാണോ നല്ലതാണോ എന്ന കാര്യം വിട്ടേക്ക്, പ്രേക്ഷകര്‍ക്ക് മോശമായി തോന്നിയെങ്കില്‍ മോശമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്റെ ഒരുപാട് സിനിമകള്‍ അങ്ങനെ മോശമായിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ സിനിമ കാണാനുള്ള എക്‌സൈറ്റ്‌മെന്റ് പ്രേക്ഷകര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. എക്‌സൈറ്റ്‌മെന്റ് നഷ്ടപ്പെട്ടതോടൊപ്പം സിനിമ മോശമാവുകയും ചെയ്തു.
സിനിമ നന്നായിരുന്നെങ്കില്‍ കുറേക്കൂടി രക്ഷപ്പെടുമായിരുന്നു. ഇങ്ങനെയൊക്കെ വന്നതുകൊണ്ടാണ് മരക്കാറിന് അങ്ങനെ പറ്റിപ്പോയത്. ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം സിനിമയുടെ പുറത്തുണ്ടാകുന്ന പ്രതീക്ഷയാണ്. നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരണം. ഞങ്ങളെല്ലാവരും ചേര്‍ന്ന് നല്ലൊരു സിനിമയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന വിശ്വാസം എനിക്കുണ്ട്. ആ വിശ്വാസത്തില്‍ തന്നെയാണ് ഞങ്ങളെല്ലാം ഇവിടെയിരിക്കുന്നത് തന്നെ,’ പ്രിയദര്‍ശന്‍ പറഞ്ഞു.
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ് തുടങ്ങിയവരാണ് കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
content highlight: director priyadarshan about marakkar movie