| Saturday, 1st April 2023, 10:47 am

മരക്കാര്‍ ഞാന്‍ എടുത്തിട്ടില്ലെന്ന് വിചാരിച്ചാല്‍ പോരെ, തല്ലിപ്പൊളി പടമല്ലേയെന്ന് ചോദിച്ചാല്‍ എന്റെ സിനിമയല്ലെന്നാണ് പറയാറുള്ളത്: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നോട് എല്ലാവരും മരക്കാറിനെക്കുറിച്ചാണ് ചോദിക്കാറുള്ളതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. പരാജയപ്പെട്ട സിനിമകളെക്കുറിച്ച് മാത്രമെന്തിനാണ് എപ്പോഴും ചോദിക്കുന്നതെന്നും തന്റെ വിജയിച്ച സിനിമകളെക്കുറിച്ച് ചോദിക്കാത്തതെന്നാണെന്നും പ്രിയദര്‍ശന്‍ ചോദിച്ചു.

മരക്കാര്‍ എന്ന അദ്ദേഹത്തിന്റെ സിനിമ ട്രോയ് എന്ന ചിത്രത്തിന്റെ കോപ്പിയാണോയെന്ന ചോദ്യത്തിനായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. താന്‍ അങ്ങനെ ഒരു സിനിമ എടുത്തിട്ടില്ലെന്ന് വിചാരിച്ചാല്‍ പോരെയെന്നും സിനിമ മോശമായി കഴിഞ്ഞാല്‍ ആ സിനിമ താന്‍ മറക്കാറുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലോകത്താകെ ഏഴ് ബന്ധങ്ങളെ ഉള്ളൂ. ഈ ഏഴ് ബന്ധങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടാണ് ലോകത്ത് മുഴുവന്‍ കാലത്തും സിനിമയുണ്ടായിട്ടുള്ളത്. അതുകൊണ്ട് പലപ്പോഴും മനപൂര്‍വമോ മനപൂര്‍വമല്ലാത്തതോ ആയ സാമ്യങ്ങള്‍ പല സിനിമകളിലും കാണും.

അങ്ങനെ സാമ്യങ്ങള്‍ ഇല്ലായെന്ന് ഒരിക്കലും ഞാന്‍ പറയുന്നില്ല. വലിയ ഫിലിം മേക്കേഴ്‌സിന് വരെ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തന്നെ മരക്കാറിനെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. എന്തുകൊണ്ടാണ് ചിത്രത്തെക്കുറിച്ചും താളവട്ടത്തെക്കുറിച്ചും തേന്മാവിന്‍ കൊമ്പത്തേക്കുറിച്ചും ചോദിക്കുന്നില്ല.

അതിനെക്കുറിച്ചൊന്നും ചോദിക്കാതെ പരാജയപ്പെട്ട സിനിമകളെക്കുറിച്ച് മാത്രമെന്താ ചോദിക്കുന്നത്. ആഘോഷിക്കപ്പെടുന്ന സിനിമകളെക്കുറിച്ച് ഓര്‍ത്താല്‍ പോരെ ആഘോഷിക്കപ്പെടാത്ത സിനിമകളെ മറന്നുകൂടെ. അങ്ങനെ ഒരു സിനിമ എടുത്തിട്ടില്ലെന്ന് വിചാരിച്ചാല്‍ പോരെ. ഞാന്‍ എപ്പോഴും അങ്ങനെയാണ്. സിനിമ മോശമായി കഴിഞ്ഞാല്‍ ആ സിനിമയെ ഞാന്‍ മറക്കും.

ഇടക്ക് വെച്ച് ഒരു തല്ലിപ്പൊളി പടമുണ്ടായിരുന്നല്ലോയെന്ന് ആരൊക്കെയോ ചോദിക്കും. എന്റെ സിനിമയല്ല അതെന്നാണ് അവരോട് ഞാന്‍ പറയാറുള്ളത്. ചെയ്ത എല്ലാ സിനിമയും ഹിറ്റാക്കിയ ഡയറക്ടര്‍ ഒന്നും ഇവിടെ ഇല്ല,” പ്രിയദര്‍ശന്‍ പറഞ്ഞു.

content highlight: director priyadarshan about marakkar flop

We use cookies to give you the best possible experience. Learn more