| Saturday, 1st April 2023, 8:41 am

അന്ന് മലയാള സിനിമക്ക് നല്ല ചീത്തപ്പേരുണ്ടായിരുന്നു, അത് ഇല്ലാതാക്കിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് കേരളത്തിന് പുറത്ത് മലയാള സിനിമകള്‍ സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ആ ചീത്തപ്പേര് ഇല്ലാതാക്കിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. അതുകൊണ്ട് തന്നെ ഇന്നത്തെ തലമുറയിലെ നടന്മാര്‍ക്ക് ഇരുവരുടെയും പിന്‍ഗാമികളാണെന്ന് ധൈര്യത്തോടെ പറയാന്‍ സാധിക്കുമെന്നും പ്രിയന്‍ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്‌സിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം ഏപ്രില്‍ 7നാണ് തിയേറ്ററുകളിലെത്തുന്നത്.

‘മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് പറയുന്നത് സത്യം പറഞ്ഞാല്‍ മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. അവരില്ലാതെ മലയാള സിനിമക്ക് ഇന്നുള്ള സ്റ്റാറ്റസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു. കാരണം ഒരു കാലത്ത് മലയാള സിനിമക്ക് കേരളത്തിന് പുറത്തൊക്കെ നല്ല ചീത്തപ്പേരുണ്ടായിരുന്നു. സോഫ്റ്റ് പോണ്‍ ഫിലിംസ് എന്നൊക്കെ പറയുന്ന സമയമുണ്ടായിരുന്നു.

അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ജനറേഷനുള്‍പ്പടെ അഹങ്കാരത്തോടെ പറയാവുന്ന കാര്യമാണ്, അവര്‍ രണ്ടുപേരും ഞങ്ങളുടെ മുന്‍ഗാമികളാണെന്ന്. അപ്പോള്‍ ഏത് അംഗീകാരവും നല്ലതാണ്. ഞാനും മൂന്ന് പ്രാവശ്യം നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങിച്ചിട്ടുണ്ട്.

പക്ഷെ എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട് അങ്ങനെയുള്ള റിയലിസ്റ്റിക് സിനിമയെടുക്കാന്‍ ഭയങ്കര എളുപ്പമാണ്. എന്നാല്‍, പ്രയാസമുള്ളത് ആളുകളെ കൊണ്ട് കയ്യടിപ്പിക്കുന്ന കാര്യമാണ്. ഏറ്റവും പ്രയാസമുള്ള കാര്യമാണത്. ബാക്കിയൊക്കെ വളരെ എളുപ്പമാണ്. റിയലിസത്തിന്റെ പുറകെ പോകാന്‍ നല്ല എളുപ്പമാണ്. ഞാന്‍ പോയിട്ടുമുണ്ട് തെളിയിച്ചിട്ടുമുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ ടെന്‍ഷന്‍ നമ്മള്‍ എടുക്കുന്ന സിനിമ നമ്മള്‍ ഉദ്ദേശിക്കുന്ന പോലെ മനസിലാക്കി അത് വിജയിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമോ എന്നതാണ്. ആ ഭയമാണ് ഓരോ സിനിമ ചെയ്യുമ്പോഴും എനിക്കുള്ളത്. ഈ സിനിമ ചെയ്യുമ്പോഴും എനിക്കാ ഭയമുണ്ട്. സിനിമ റിലീസ് ചെയ്യുന്നത് വരെയെനിക്ക് ഉറങ്ങാന്‍ കഴിയില്ല,’ പ്രിയദര്‍ശന്‍ പറഞ്ഞു.

content highlight: director priyadarshan about mammootty, mohanlal and malayalam cinema

We use cookies to give you the best possible experience. Learn more