|

ഈ ഇടക്ക് ഒരു പടം ഇറങ്ങിയിട്ടുണ്ട്, 'പ്രിയന്‍ ഓട്ടത്തിലാണ്', അങ്ങനെയാകുമോ നിന്റെ ഗതിയെന്ന് ഇന്നസെന്റ് എന്നോട് ചോദിച്ചു: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഇന്നസെന്റിനെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. കൂടെ വര്‍ക്ക് ചെയ്ത ഒരുപാട് പേര് കുറഞ്ഞ കാലയളവില്‍ വിട്ടുപോയിട്ടുണ്ടെങ്കിലും ഇന്നസെന്റ് എന്ന വ്യക്തി പോകുന്നത് ഇമോഷണല്‍ അറ്റാച്ച്‌മെന്റ് മുറിച്ചിട്ടാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

പുതിയ ചിത്രമായ കൊറോണ പേപ്പേഴ്‌സിനെക്കുറിച്ച് അദ്ദേഹത്തിനോട് സംസാരിച്ചിട്ടുണ്ടെന്നും പുതിയ നടന്മാരെ വെച്ചാണ് സിനിമ ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയുടെ പേരുപോലെയാകുമോ തന്റെ ഗതി എന്നാണ് ഇന്നസെന്റ് ചോദിച്ചതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമയില്‍ ഒരുപാട് പേര് നമ്മളെ വിട്ടു പിരിഞ്ഞ് പോയിട്ടുണ്ട്. കൂടെ വര്‍ക്ക് ചെയ്ത പലരും നമ്മളെ വിട്ട് പോയിട്ടുണ്ടെങ്കിലും ഇന്നസെന്റ് എന്ന വ്യക്തി പോകുന്നത് ഒരു ഇമോഷണല്‍ അറ്റാച്ച്‌മെന്റ് മുറിച്ചിട്ടാണ്.

എവിടെയാണെങ്കിലും നാല് ദിവസം കൂടുമ്പോള്‍ വിളിക്കും. സുഖമാണോയെന്നൊക്കെ ചോദിക്കാന്‍ വേണ്ടിയൊക്കെ വിളിക്കും. എന്റെ പുതിയ സിനിമയായ കൊറോണ പേപ്പഴ്‌സിന്റെ കാര്യം പറയുകയാണെങ്കില്‍ രസകരമായൊരു കാര്യമുണ്ട്.

ഇപ്പോഴത്തെ പുതിയ പിള്ളേരെ വെച്ച് നീ ഒരു സിനിമ ചെയ്യാന്‍ പോകുകയാണെന്ന് കേട്ടല്ലോയെന്ന് സിനിമ തുടങ്ങുമ്പോള്‍ എന്നോട് ചോദിച്ചു. അങ്ങനെയൊരു പരിപാടി ചെയ്യുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു.

പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി, ഈ ഇടക്ക് ഒരു പടം ഇറങ്ങിയിട്ടുണ്ട്, ‘പ്രിയന്‍ ഓട്ടത്തിലാണ്’ , അങ്ങനെയാകുമോ നിന്റെ ഗതി. പെട്ടെന്ന് ഇന്നസെന്റ് ചോദിച്ചത് ഇതാണ്. പടം തീര്‍ന്നപ്പോള്‍ ഞാന്‍ വിളിച്ചു പറഞ്ഞു.

ശരിക്ക് പറഞ്ഞാല്‍ ഇന്നസെന്റ് ആ സിനിമയില്‍ ഒരു സീനില്‍ വേണമെന്നുണ്ടായിരുന്നു. നമുക്ക് എപ്പോഴും ഒരു ഡേ റ്റു ഡേ അറ്റാച്ച്‌മെന്റുള്ള ആളാണ് അദ്ദേഹം. എനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും അതൊരു വലിയ വിയോഗമാണ്,” പ്രിയദര്‍ശന്‍ പറഞ്ഞു.

content highlight: director priyadarshan about innocent