| Thursday, 18th February 2021, 3:56 pm

അപ്പോള്‍ പ്രിയന്‍ എന്നെവെച്ച് പടം ചെയ്യില്ലാല്ലേ?, ചോദ്യം കേട്ട് എന്തു പറയുമെന്നറിയാതെ ഞാന്‍ വിയര്‍ത്തു; ബച്ചനുമൊത്തുള്ള അനുഭവം പങ്കുവെച്ച് പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പേരെടുത്ത താരമാണ് മലയാളത്തിന്റെ സ്വന്തം സംവിധായകനായ പ്രിയദര്‍ശന്‍. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, ജോണ്‍ എബ്രഹാം, ഷാഹിദ് കപൂര്‍ തുടങ്ങി നിരവധി മുന്‍നിര താരങ്ങളെ വെച്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ബോളിവുഡിന്റെ ബിഗ് ബിയായ അമിതാഭ് ബച്ചനെ നായനാക്കി ഒരു സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍ മുതിര്‍ന്നിരുന്നില്ല.

തന്റെ ചിത്രത്തിലെ നായകനാകാന്‍ സമ്മതമാണെന്ന് അമിതാഭ് ബച്ചന്‍ നേരിട്ട് വന്ന് പറഞ്ഞിട്ടും, അത്തരമൊരു ആവശ്യം അദ്ദേഹം തന്നോട് മുന്നോട്ടുവെച്ചിട്ടും അതിനുള്ള ധൈര്യം തനിക്ക് ഉണ്ടായില്ലെന്ന് പറയുകയാണ് പ്രിയദര്‍ശന്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിതാഭ് ബച്ചന് തന്റെ മനസിലുള്ള സ്ഥാനത്തെ കുറിച്ചും അദ്ദേഹത്തോടുള്ള തന്റെ ആരാധനയെ കുറിച്ചും പ്രിയദര്‍ശന്‍ മനസുതുറന്നത്.

‘കാലാപാനി എന്ന സിനിമ അമിതാഭ് ബച്ചന്റെ നിര്‍മാണ കമ്പനിയായ എ.ബി.സി.എല്‍ ആണ് ഹിന്ദിയില്‍ വിതരണം ചയ്തത്. പടത്തിന്റെ ട്രെയ്‌ലര്‍ കണ്ട അമിതാഭ് ബച്ചന്‍ എന്നെ വിളിച്ച് ബ്രില്യന്റ് വര്‍ക്ക് എന്ന് പറഞ്ഞു. അതിനുശേഷം അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ എന്നെ വിളിച്ചു.

എ.ബി.സി.എല്ലിന്റെ ഓഫീസിലേക്ക് ഞാനെത്തി. മൂന്ന് ഹിന്ദി സിനിമകള്‍ മാത്രമാണ് അന്ന് ഞാന്‍ ചെയ്തിട്ടുള്ളത്. ജയാ ബച്ചനെയാണ് ഞാന്‍ ആദ്യം കണ്ടത്. ”പ്രിയദര്‍ശന്‍ വരൂ, ഇരിക്കൂ.” ജയാ ബച്ചന്‍ സന്തോഷത്തോടെ സ്വാഗതമോതി. അവിടെ ഇരിക്കുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുകയാണ്. കാരണം അമിതാഭ് ബച്ചനെ വെച്ച് സിനിമ ചെയ്യാനുള്ള ധൈര്യം എനിക്കില്ല.

അദ്ദേഹത്തോടുള്ള ആരാധന വളര്‍ന്ന് ഭയമായി ഉള്ളില്‍ കിടക്കുകയാണ്. ”എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല.” ജയാജീയോട് ഞാന്‍ പറഞ്ഞു. ”അതെന്താ പ്രിയന്‍ ഇത്രയും വലിയൊരു അവസരം വന്നിട്ട്?” ജയാജീ ചോദിച്ചു. ”അമിതാഭ് ബച്ചന്‍ എന്ന നടന്‍ മനസ്സില്‍ വളരെ അതികായനായി നില്‍ക്കുന്ന ഒരു ഇമേജാണ്. അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ എനിക്ക് പറ്റുമെന്ന വിശ്വാസം ഇല്ല. ജയാജീക്ക് എന്റെ സാഹചര്യം മനസ്സിലായി. അവര്‍ ബച്ചനെ വിളിച്ചു. വാതില്‍ തുറന്ന് അദ്ദേഹം എന്റെ മുന്നില്‍ വന്നുനിന്നു.

ആദ്യമായി അമിതാഭ് ബച്ചന്‍ മുന്നില്‍ വന്ന് മുഖാമുഖം നില്‍ക്കുകയാണ്. ”പ്രിയന്‍ എന്നെവെച്ച് പടം ചെയ്യില്ലാല്ലേ?” അമിത്ജീ ചോദിച്ചു. എന്താ പറയേണ്ടതെന്നറിയാതെ ഞാന്‍ വിയര്‍ത്തു. ”അത് അങ്ങനെയല്ല അമിത് ജീ, പടം ചെയ്യണമെന്നൊക്കെ എനിക്കും ആഗ്രഹമുണ്ട്.” ”ജയാ, പിന്നെന്താ പ്രശ്‌നം. പ്രിയന്‍ പടം ചെയ്യട്ടെ.”ബച്ചന്‍ തുടര്‍ന്നു. ”അല്ല അങ്ങനെയല്ല. എനിക്ക് ചെറിയൊരു പ്രശ്‌നം ഉണ്ട്. അപ്പോള്‍ പടം ചെയ്യാന്‍ താത്പര്യമില്ല. അല്ലേ?’ ‘എനിക്ക് താത്പര്യമുണ്ട്. ” എന്നാല്‍ പ്രിയന്‍ പടം ചെയ്യു.’ അദ്ദേഹവും വിട്ടില്ല.

”അല്ല പടം ചെയ്യും എന്നു വെച്ചാല്‍’ ‘അപ്പോ പടം ചെയ്യാന്‍ താത്പര്യമില്ലല്ലേ. ”താത്പര്യമുണ്ട്. ‘ജയാ പ്രിയനോട് ഒപ്പ് മേടിക്കൂ പടം ചെയ്യട്ടെ.” ”അല്ല, അമിത് ജീ ഞാന്‍ ജയാജീയോട് കുറച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടുണ്ട്.” ”അപ്പോ പ്രിയന്‍ എന്നെവെച്ച് പടം ചെയ്യില്ല.’ ബച്ചന്‍ ഗൗരവഭാവത്തില്‍ സാസാരം തുടരുകയാണ്, – എന്റെ ശരീരമാകെ വിയര്‍ത്തൊലിച്ചു. ജയാ ബച്ചന്‍ അമിതാഭ് ബച്ചനോട് പറഞ്ഞു ”പാവത്തിനെ ഇങ്ങനെയിട്ട് കഷ്ടപ്പെടുത്തരുത്.” അപ്പോള്‍ അദ്ദേഹം ചിരിച്ചു.

”അമിത്ജി, ജീവിതത്തില്‍ ഞാന്‍ ഏറ്റവും ആരാധിക്കുന്ന മനുഷ്യനാണ്, അങ്ങയെ വെച്ച് പടംചെയ്യാനുള്ള ധൈര്യം എനിക്കില്ല. ആ ധൈര്യം വരുമ്പോള്‍ ഞാന്‍ വരാം ‘ പുള്ളി ചിരിച്ചു കൊണ്ട് എന്റെ തോളില്‍ തട്ടി. ഓകെ, പ്രിയാ താങ്കളുടെ സത്യസന്ധതയെ ഞാന്‍ ബഹുമാനിക്കുന്നു എന്നുപറഞ്ഞു.

പിന്നീട് പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രം ഹംഗാമ എന്ന പേരില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അമിതാഭ് ബച്ചനാണ് നായകനെന്ന് ഞാനുറപ്പിച്ചു. അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ഷൂട്ടിങ് തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും തുടങ്ങി. എന്നാല്‍ 20 ദിവസം മുന്‍പ് അണുബാധ കാരണം അദ്ദേഹം ആശുപത്രിയിലായി. രണ്ടുമാസം വിശ്രമം അത്യാവശ്യമായി വന്നു. തുടര്‍ന്ന് പരേഷ് റാവലിനെ വെച്ച് പടം ചെയ്തു. ചിത്രം സൂപ്പര്‍ഹിറ്റ്. അപ്പോഴും ബച്ചനെ വെച്ചൊരു സിനിമ എന്ന സ്വപ്നം സങ്കടമായി അവശേഷിച്ചു.

കോന്‍ ബനേഗ കോര്‍പതി എന്ന ടെലിവിഷന്‍ ഷോയിലേക്ക് ബച്ചന്‍ എത്തിയപ്പോള്‍ പ്രോഗ്രാമിന്റെ പ്രമോഷന്‍ ഷൂട്ട് ചെയ്യാനായി സ്റ്റാര്‍ ടി.വി. എന്നെ ക്ഷണിച്ചു. അങ്ങനെ ഞാന്‍ ആദ്യമായി അദ്ദേഹത്തിന് ആക്ഷന്‍ എന്ന് പറഞ്ഞു. പിന്നീട് പെപ്‌സി, പാര്‍ക്കര്‍ അങ്ങനെ വിവിധ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങള്‍ അദ്ദേഹത്തെ വെച്ച് ഷൂട്ട് ചെയ്തു.

പരസ്യചിത്രങ്ങളുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹം എപ്പോഴും പറയും ‘പ്രിയന്‍, ഇനി നമുക്കൊരു സിനിമ ചെയ്യാം’, ”തീര്‍ച്ചയായും അമിത്ജീ, നമ്മള്‍ ചെയ്യും.” ഞാനും ശുഭാപ്തിവിശ്വാസത്തിലായിരുന്നു. കാരണം അപ്പോഴേക്കും അമിതാഭ് ബച്ചനെ വെച്ച് ഷൂട്ട് ചെയ്യാനുള്ള ഭയം എന്നില്‍ നിന്ന് ഇല്ലാതായിരുന്നു. എന്നാല്‍ ആ സിനിമാസ്വപ്നം ഇന്നും നടന്നിട്ടില്ല, പ്രിയദര്‍ശന്‍ പറഞ്ഞു നിര്‍ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Priyadarshan About Amitabh Bachan

We use cookies to give you the best possible experience. Learn more