|

എമ്പുരാന്‍ ഗംഭീര വിജയമായാല്‍ അടുത്ത ദിവസം ഞാന്‍ ചെയ്യുന്നത് അതായിരിക്കും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഒപ്പം കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ചും അതിനെ താന്‍ ഹാന്‍ഡില്‍ ചെയ്യുന്ന രീതിയെ കുറിച്ചുമൊക്കെ പൃഥ്വി സംസാരിക്കുന്നുണ്ട്.

എപ്പോഴും പരാജയത്തേക്കാള്‍ വിജയം കൈകാര്യം ചെയ്യുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യമെന്നും പൃഥ്വി പറയുന്നു.

എമ്പുരാന്‍ ഒരു ഗംഭീര വിജയമായാല്‍ തൊട്ടടുത്ത ദിവസം താന്‍ ചെയ്യുന്ന കാര്യം എന്തായിരിക്കുമെന്നും പൃഥ്വി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഞാന്‍ എല്ലായ്‌പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. വിജയത്തേയും പരാജയത്തേയും ഒരുപോലെ കാണാനും പരിഗണിക്കാനും സാധിക്കണം എന്നതാണ് അത്.

എനിക്ക് വലിയ വിജയങ്ങള്‍ ലഭിക്കുമ്പോള്‍ എനിക്ക് ഒരു പാര്‍ട്ടിയൊക്കെ വെച്ച് ആ വിജയം ആഘോഷിക്കാം. സക്‌സസ് സെലിബ്രേഷനുകള്‍ നടത്താം. എന്നാല്‍ അടുത്ത ദിവസം മുതല്‍ ഞാന്‍ എന്റെ സ്‌പേസിലേക്ക് മടങ്ങണം.

ഒരു മാസം ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന ആളല്ല ഞാന്‍. വളരെക്കാലം ആ ആഘോഷം മനസില്‍കൊണ്ട് നടക്കുന്ന ആളല്ല. എമ്പുരാന്‍ മാര്‍ച്ച് 27 ന് റിലീസായി അതൊരു ഗ്രാന്‍ഡ് സക്‌സസ് ആയാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയും.

വലിയ വിജയം തന്നതില്‍ ഞാന്‍ സന്തോഷിക്കും. ഞാന്‍ എന്റെ ക്രൂവിനെ കാണും, അവരുമായി ഭക്ഷണം കഴിക്കും. എന്നാല്‍ മാര്‍ച്ച് 29 ന് അടുത്ത സിനിമയുടെ ഷൂട്ടിന് ഞാന്‍ ജോയിന്‍ ചെയ്തിരിക്കും.

എപ്പോഴും പരാജയം എന്ന് പറയുന്നത് എളുപ്പമാണ്. വിജയമാണ് നമുക്കൊരു ബാഗേജ് ആകുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ പരാജയപ്പെടുമ്പോള്‍ നമുക്ക് ഒരുപാട് ക്ലാരിറ്റി ലഭിക്കും.

നമ്മള്‍ പരാജയപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടത്. വീണ്ടും ശ്രമിക്കേണ്ടി വരും. കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടി വരും. എന്നാല്‍ സക്‌സസ് വരുമ്പോള്‍ ഒരുപാട് ഓപ്ഷനുകള്‍ നമുക്ക് മുന്നില്‍ ഉണ്ട്.

നമ്മുടെ മുന്‍പില്‍ പല വഴികളുണ്ടാകും തിരഞ്ഞെടുക്കാന്‍. പല ഡിസിഷനും എടുക്കേണ്ടി വരും. അതോടെ ചിലര്‍ക്ക് ഒരു ട്രാക്ക് നഷ്ടമാകും. അതും ഞാന്‍ കണ്ടിട്ടുണ്ട്. സക്‌സസ് ആണ് ഹാന്‍ഡില്‍ ചെയ്യാന്‍ ബുദ്ധിമുട്ട്.

പരാജയപ്പെടുമ്പോള്‍ നമ്മളെ എല്ലാവരും കൈവിടും. നമ്മള്‍ തനിച്ചായിരിക്കും. തീര്‍ച്ചയായും അപ്പോള്‍ നമുക്കൊരു വ്യക്തത വരും. അവിടെ നിങ്ങളും നിങ്ങളുടെ മനസാക്ഷിയും മാത്രമേ ഉണ്ടാവുകയുള്ളൂ.

അവിടെ നിങ്ങള്‍ക്ക് ഒരു വഴി തിരഞ്ഞെടുക്കേണ്ടി വരും. സക്‌സസ് എന്ന് പറയുന്നത് തിരക്കേറിയ ഒരു സ്ഥലം പോലെയാണ്. അവിടെ നിങ്ങളുടെ സ്വന്തം ശബ്ദം പോലും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Director Prithviraj about What he do after Empuraan Success

Video Stories