| Thursday, 10th October 2024, 4:30 pm

മലയാള സിനിമ ആരെയും സ്പൂണ്‍ ഫീഡ് ചെയ്യാറില്ല, അവ ചിന്തിക്കാന്‍ പ്രേരിപ്പിക്കും: സംവിധായകന്‍ പ്രേം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സി. പ്രേം കുമാര്‍ തിരക്കഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96. തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയുള്ള ചിത്രമായ 96 പ്രേം കുമാറിന്റെ ആദ്യ സിനിമയായിരുന്നു. ആദ്യ സിനിമക്ക് ശേഷം ആറ് വര്‍ഷത്തിനിപ്പുറം അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കാര്‍ത്തിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള സിനിമകള്‍ പോലുള്ള സിനിമകള്‍ എന്തുകൊണ്ട് തമിഴിലും ഉണ്ടാകാറില്ലെന്ന് പലരും ചോദിക്കാറുണ്ടെന്ന് പ്രേം കുമാര്‍ പറയുന്നു. മലയാളത്തില്‍ എന്തുകൊണ്ടാണ് അത്തരത്തിലുള്ള സിനിമകള്‍ വരുന്നതെന്നാല്‍ അവിടെ ആരും സ്പൂണ്‍ ഫീഡ് ചെയ്യുന്നില്ലെന്നും സിനിമകള്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അങ്ങനെയുള്ള സിനിമകളും മലയാളത്തില്‍ ഹിറ്റ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ വരുന്നുണ്ടെന്നും അവസാനമായി കടൈസി വ്യവസായിയാണ് അത്തരത്തില്‍ എഫക്റ്റീവ് ആയി വന്നതെന്നും പ്രേം കുമാര്‍ പറയുന്നു. ഇങ്ങനെയുള്ള സിനിമകള്‍ വന്നാല്‍ മാത്രമേ ആളുകള്‍ കുറച്ചുകൂടി ഓപ്പണ്‍ ആയി സിനിമയെ കാണുകയുള്ളുവെന്നും ഇതൊരു പാരലല്‍ ലാംഗ്വേജ് ആണെന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍.

‘ഇപ്പോള്‍ എല്ലാവരും പറയാറില്ലേ മലയാളം സിനിമകള്‍ പോലെ ഒന്നും തമിഴില്‍ എടുക്കുന്നില്ലെന്ന്. അവര്‍ എന്തുകൊണ്ടാണ് അങ്ങനത്തെ സിനിമ ചെയ്യുന്നതെന്ന് വെച്ചാല്‍ അവര്‍ എല്ലാം സ്പൂണ്‍ ഫീഡ് ചെയ്യുന്നില്ല. അത്തരം സിനിമകള്‍ക്ക് അവിടെ അക്സെപ്റ്റന്‍സ് ഉണ്ട് അവര്‍ നിങ്ങളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ബംഗാളി സിനിമകളും മറാഠി സിനിമകളും അത് ചെയ്യുന്നുണ്ട്.

നമ്മള്‍ എന്നാല്‍ അതൊക്കെ കണ്ടിട്ട് ഒരു സ്റ്റെപ് പോലും എടുത്തില്ലെങ്കില്‍ മോശമാണ്. ഈ അടുത്ത കാലത്തിറങ്ങിയ കടൈസി വ്യവസായി അങ്ങനെ വന്നൊരു സിനിമയാണ്. ഇതിന് മുമ്പും അത്തരത്തിലുള്ള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മഹേന്ദ്രന്‍ സാറിന്റെ സിനിമകളും ബാലചന്ദ്രന്‍ സാറിന്റെ സിനിമകളുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. പക്ഷെ അടുത്ത കാലത്തായി അത് വളരെ എഫക്റ്റീവ് ആയിട്ട് വന്നത് കടൈസി വ്യവസായില്‍ ആണ്.

ഒരു പരിധിവരെ വാഴൈ സിനിമയും അത് ചെയ്തിട്ടുണ്ട്. കൊട്ടുകാലി സിനിമ ഞാന്‍ ഇതുവരെയും കണ്ടില്ല. ഇത് ചെയ്തു ചെയ്തു വന്നാല്‍ മാത്രമേ ആളുകള്‍ അത് കുറച്ചുകൂടി ഓപ്പണ്‍ ആയി കാണുകയുള്ളു. ചെയ്യാതെ ഇരുന്നാല്‍ ഒരിക്കലും അത്തരത്തിലുള്ള സിനിമകള്‍ നമുക്കുണ്ടാകില്ല. ഒരു പാരലല്‍ ഫിലിം ലാംഗ്വേജ് എന്ന് വേണമെങ്കില്‍ ഇതിനെ നമുക്ക് പറയാം,’ പ്രേം കുമാര്‍ പറയുന്നു.

Content Highlight: Director Prem Kumar Talks About Malayalam Cinema

We use cookies to give you the best possible experience. Learn more