സി പ്രേം കുമാര്‍ തിരകഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96. തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളില്‍ മുന്‍ പന്തിയില്‍ തന്നെയുള്ള ചിത്രമായ 96 പ്രേം കുമാറിന്റെ ആദ്യ ചിത്രമായിരുന്നു. ആദ്യ സിനിമക്ക് ശേഷം ആറ് വര്‍ഷത്തിനിപ്പുറം അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കാര്‍ത്തിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തനിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനം തോന്നിയ വ്യക്തി അരവിന്ദ് സ്വാമിയാണെന്ന് പറയുകയാണ് പ്രേം കുമാര്‍. അരവിന്ദ് സ്വാമിയോട് തനിക്ക് മര്യാദയുണ്ടെന്നും കുടുംബത്തിലെ മുതിര്‍ന്ന ചേട്ടനോടുള്ളപോലെ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍.
‘ഇതുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട സത്യസന്ധനായ വ്യക്തി അരവിന്ദ് സ്വാമിയാണ്. അതിനേക്കാള്‍ കൂടുതല്‍ ഹോണസ്റ്റ് ആയ വേറെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കണ്ടാല്‍ ഞാന്‍ വേഗം പേടിക്കും. എന്റെ ടീമില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഭയത്തേക്കാള്‍ കൂടുതല്‍ മര്യാദയാണുള്ളത്.
കുടുംബത്തിലെ ഒരു മൂത്ത ചേട്ടന്‍ ഉണ്ടാകില്ലേ, അവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന ഒരു മര്യാദയും ബഹുമാനവുമെല്ലാം ഉണ്ടാകില്ലേ അതായിരുന്നു അദ്ദേഹത്തിന് ഞങ്ങള്‍ കൊടുത്തത്. പക്ഷെ അദ്ദേഹം വളരെ ജോളി ആയിരുന്നു സെറ്റില്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്‌ട്രെസ് എല്ലാം കുറഞ്ഞ സിനിമ ലൊക്കേഷന്‍ ആയിരുന്നു മെയ്യഴകന്റേത്.
അരവിന്ദ് സാര്‍ കംഫര്‍ട്ടബിള്‍ ആയിരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ കാരണമായത് കാര്‍ത്തിക് സാര്‍ ആയിരുന്നു. ഞങ്ങള്‍ ഷോട്ടിന് മുമ്പ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ അടുത്ത് പോയിരുന്നത്. അതുവരെ അരവിന്ദ് സാറിനെ ശ്രദ്ധിക്കുന്നതെല്ലാം കാര്‍ത്തി സാര്‍ ആയിരുന്നു,’ പ്രേം കുമാര്‍ പറയുന്നു.