ആ നിവിന്‍ പോളി ചിത്രം തന്ന കിക്കിലാണ് ഞാന്‍ 96ന്റെ കഥ പൂര്‍ത്തിയാക്കിയത്: സംവിധായകന്‍ പ്രേം കുമാര്‍
Entertainment
ആ നിവിന്‍ പോളി ചിത്രം തന്ന കിക്കിലാണ് ഞാന്‍ 96ന്റെ കഥ പൂര്‍ത്തിയാക്കിയത്: സംവിധായകന്‍ പ്രേം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 9:09 am

തമിഴിലെ മികച്ച പ്രണയസിനിമകളിലൊന്നാണ് 2018ല്‍ റിലീസായ 96. റാമിന്റെയും ജാനുവിന്റെയും പറയാന്‍ പറ്റാതെ പോയ പ്രണയം ഇന്നും പലരുടെയും ഉള്ളില്‍ വിങ്ങല്‍ നല്‍കുന്ന ഒന്നാണ്. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. പ്രണയത്തോടൊപ്പം സ്‌കൂള്‍ കാലഘട്ടത്തിലെ നൊസ്റ്റാള്‍ജിയയും ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കി. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ പ്രേം കുമാര്‍ അടുത്തിടെ അറിയിച്ചിരുന്നു.

96ന്റ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ തനിക്ക് പ്രചോദനമായ മലയാളസിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാര്‍. 96ന്റെ സ്‌ക്രിപ്റ്റ് എഴുതി പകുതിയായപ്പോഴാണ് പ്രേമം എന്ന സിനിമ റിലീസായതെന്ന് പ്രേം കുമാര്‍ പറഞ്ഞു. അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെക്കുറിച്ച് താന്‍ അന്ന് കേട്ടിട്ടുകൂടിയില്ലെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സുഹൃത്തുക്കളില്‍ പലരും ആ സിനിമ കണ്ടിട്ട് ഗംഭീര അഭിപ്രായം പറഞ്ഞെന്നും എന്നാല്‍ ആ സമയത്തൊന്നും തനിക്ക് ആ സിനിമ കാണാന്‍ താത്പര്യമില്ലായിരുന്നെന്നും പ്രേം കുമാര്‍ പറഞ്ഞു.എന്നാല്‍ ചെന്നൈയില്‍ 100 ദിവസം കഴിഞ്ഞിട്ടും ഷോ നടക്കുന്നത് കണ്ടപ്പോള്‍ ആ സിനിമ കാണാന്‍ തോന്നിയെന്നും 125ാമത്തെ ദിവസം താന്‍ പോയി പ്രേമം കണ്ടെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ അടുത്തിരുന്നത് ഒരു മലയാളിയായിരുന്നെന്നും ഓരോ സീനും തങ്ങള്‍ ആസ്വദിച്ച് കണ്ടെന്നും ആ സിനിമ തന്ന കിക്കില്‍ 96ന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയെന്നും പ്രേം കുമാര്‍ പറഞ്ഞു. മൂവീബഫ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പ്രേമം എന്ന പടം റിലീസായത് 2015ലാണ്. ആ സമയത്ത് 96ന്റെ സ്‌ക്രിപ്റ്റ് എഴുതി ഏതാണ്ട് പകുതിയായി. അന്നൊന്നും അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്തുക്കള്‍ എല്ലാം പ്രേമം പോയി കണ്ടു. ‘ഗംഭീര സിനിമയാണ് നീ എന്തായാലും ഒരു റൊമാന്റിക് സിനിമ എഴുതുകയല്ലേ, പോയി കണ്ടുനോക്ക്’ എന്നൊക്കെ അവര്‍ പറഞ്ഞെങ്കിലും ആ സമയത്ത് എനിക്ക് അത്ര താത്പര്യം ഉണ്ടായിരുന്നില്ല. ചെന്നൈയില്‍ 100 ദിവസം കഴിഞ്ഞിട്ടും പടം ഓടിക്കൊണ്ടിരുന്നു.

ഒടുവില്‍ 125ാമത്തെ ദിവസം മഴയൊക്കെ നനഞ്ഞ് ആ സിനിമ കണ്ടു. എന്റെയടുത്ത് ഇരുന്നത് ഒരു മലയാളിയായിരുന്നു. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ ഞങ്ങള്‍ രണ്ടും ഓരോ സീനും എന്‍ജോയ് ചെയ്തു. മഴ നനഞ്ഞ് നേരെ എ.സിയില്‍ കേറിയതിന്റെ തണുപ്പൊന്നും എന്നെ ബാധിച്ചിരുന്നില്ല. അത്രക്ക് ഫീലായിരുന്നു. പ്രേമം കണ്ടു വന്നതിന്റെ കിക്കില്‍ 96ന്റെ സ്‌ക്രിപ്റ്റ് ഞാന്‍ പൂര്‍ത്തിയാക്കി,’ പ്രേം കുമാര്‍ പറഞ്ഞു.

Content Highlight: Director Prem Kumar says that Premam movie influenced during 96 movie script work