| Tuesday, 24th September 2024, 8:13 am

മമ്മൂട്ടിയോടും രജിനികാന്തിനോടും കട്ടക്ക് പിടിച്ചു നിന്ന നടന്‍ ആരാണെന്നായിരുന്നു എന്റെ ചിന്ത: സംവിധായകന്‍ പ്രേം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് സേതുപതി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2018ല്‍ റിലീസായ ചിത്രമാണ് 96. നവാഗതനായ പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാമത്തെ ചിത്രവുമായി വരികയാണ് പ്രേം കുമാര്‍. കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫീല്‍ഗുഡ് ചിത്രമാണ് പ്രേം കുമാര്‍ ഒരുക്കുന്നത്.

മെയ്യഴകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സിനിമയിലേക്കെത്താന്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാര്‍. മണിരത്‌നം സംവിധാനം ചെയ്ത ദളപതിയാണ് കുട്ടിക്കാലത്ത് തന്നെ സ്വാധീനിച്ച സിനിമയെന്ന് പ്രേം കുമാര്‍ പറഞ്ഞു.

ചെറിയ പ്രായത്തില്‍ രജിനികാന്തിന്റെ കടുത്ത ആരാധകനായിരുന്ന താന്‍ ദളപതി കണ്ട് അത്ഭുതപ്പെട്ടെന്നും രജിനിയുടെ യാതൊരു സ്റ്റൈലും ഇല്ലാത്ത സിനിമയായി ദളപതിയെ തോന്നിയെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. രജിനികാന്തിനൊപ്പം മമ്മൂട്ടിയെയും തനിക്ക് ഇഷ്ടപ്പെട്ടെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാല്‍ രണ്ടാമത് കണ്ടപ്പോള്‍ ഇവര്‍ രണ്ടുപേരോടും കട്ടക്ക് പിടിച്ചു നിന്ന നടന്‍ ആരെന്നായിരുന്നു തന്റെ ചിന്തയെന്നും ആ നടനെപ്പറ്റി അന്വേഷിച്ചെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അരവിന്ദ് സ്വാമി എന്ന പുതിയ നടനാണ് അതെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടെന്നും സിനിമയെ സീരിയസായി കണ്ടത് ദളപതിക്ക് ശേഷമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. രജിനികാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി എന്നിവരെക്കൊണ്ട് അങ്ങനെ അഭിനയിപ്പിച്ച സംവിധായകെനപ്പറ്റി അന്നേ അന്വേഷിച്ചെന്നും സിനിമയിലേക്കെത്താന്‍ അത് ഇന്‍സ്പിറേഷനായെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലേക്കെത്താന്‍ എന്നെ ഇന്‍സ്പയര്‍ ചെയ്തത് ദളപതിയാണ്. രജിനികാന്തിന്റെ കടുത്ത ആരാധകനായിരുന്നു ഞാന്‍. പുള്ളിയുടെ ആക്ഷന്‍ സിനിമകള്‍ കണ്ട് ഫാനായി മാറിയ എനിക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു ദളപതി. കാരണം, അതുവരെ കാണാത്ത രജിനികാന്തിനെയായിരുന്നു ആ സിനിമയില്‍ കണ്ടത്. രജിനികാന്തിനൊപ്പം മമ്മൂട്ടിയും പ്രധാന റോളില്‍ ഉണ്ടായിരുന്നു.

പക്ഷേ രണ്ടാമത് ആ സിനിമ കണ്ടപ്പോള്‍ ഇവരോടൊപ്പം കട്ടക്ക് പിടിച്ചുനിന്ന ആ നടന്‍ ആരാണെന്ന് അന്വേഷിച്ചു. അരവിന്ദ് സ്വാമി എന്ന പുതിയ നടനാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇവരെയെല്ലാം ഇങ്ങനെ അഭിനയിപ്പിച്ചതാരാണ് എന്നാണ് പിന്നീട് നോക്കിയത്. സംവിധാനം മണിരത്‌നം എന്ന് അപ്പോഴണ് ശ്രദ്ധിച്ചത്. സിനിമയുടെ ടെക്‌നിക്കല്‍ ആസ്‌പെക്ട്‌സ് ഞാന്‍ നോക്കിത്തുടങ്ങിയത് അവിടം മുതലാണ്,’ പ്രേം കുമാര്‍ പറഞ്ഞു.

Content Highlight: Director Prem Kumar about Thalapathi movie and Arvind Swamy

We use cookies to give you the best possible experience. Learn more