തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് 96. വിജയ് സേതുപതി, തൃഷ എന്നിവര്‍ ഒന്നിച്ച് 2018ല്‍ പുറത്തിറങ്ങിയ ചിത്രം വളരെ നല്ല പ്രണയകഥയാണ് പറഞ്ഞുവെച്ചത്. വിജയ് സേതുപതി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു 96ലെ റാം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പ്രേംകുമാര്‍.
96ന്റെ തമിഴ് പതിപ്പ് ആന്ധ്രയിലും തെലങ്കാനയിലും വലിയ വിജയമായിരുന്നുവെന്നും എല്ലാവര്‍ക്കും ഇഷ്ടമായെന്നും ആ സമയത്ത് തെലുങ്കിലെ നിര്‍മാതാവ് തന്നോട് തന്നെ തെലുങ്ക് വേര്‍ഷനും സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പ്രേംകുമാര്‍ പറഞ്ഞു. തെലുങ്ക് റീമേക്ക് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ അത് ചെയ്യരുതെന്ന് തന്നോട് ആവശ്യപ്പെട്ടത് സാമന്തയായിരുന്നുവെന്നും പ്രേംകുമാര്‍ പറഞ്ഞു.
പക്ഷേ തനിക്ക് മറ്റൊരു വഴിയുമില്ലാത്തതിനാല്‍ തെലുങ്കില്‍ ചെയ്യേണ്ടി വന്നെന്നും അതില്‍ സമന്ത നായികയായെന്നും പ്രേംകുമാര്‍ പറഞ്ഞു. തമിഴില്‍ നിന്ന് കുറച്ചു മാറ്റം വരുത്തിയാണ് തെലുങ്കില്‍ റീമേക്ക് ചെയ്തതെന്നും എന്നാല്‍ അവിടെയുള്ള പ്രേക്ഷകര്‍ അത് ഏറ്റെടുത്തില്ലെന്നും തെലുങ്കിനെക്കാള്‍ എല്ലാവര്‍ക്കും ഇഷ്ടമായത് തമിഴ് തന്നെയായിരുന്നുവെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. കുമുദം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രേംകുമാര്‍ ഇക്കാര്യം പറഞ്ഞത്.
’96 തമിഴില്‍ ഹിറ്റായ സമയത്ത് തന്നെ അതിന്റെ റീമേക്ക് റൈറ്റ്‌സ് വിറ്റുപോയിരുന്നു. തെലുങ്ക് പതിപ്പ് അനൗണ്‍സ് ചെയ്ത സമയത്ത് അത് ചെയ്യരുതെന്ന് എന്നോട് ആദ്യം ആവശ്യപ്പെട്ടത് സാമന്തയായിരുന്നു. തമിഴ് പതിപ്പ് ആന്ധ്രയിലും തെലങ്കാനയിലും വലിയ ഹിറ്റായെന്നും ഇനിയത് തെലുങ്കില്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും സാമന്ത എന്നോട് പറഞ്ഞിരുന്നു.
പക്ഷേ പല കാരണങ്ങള്‍ തെലുങ്ക് പതിപ്പ് ഞാന്‍ തന്നെ സംവിധാനം ചെയ്യേണ്ടി വന്നു. സാമന്തയായിരുന്നു അതില്‍ നായികായയത്. വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷര്‍വാനന്ദും. രണ്ടുപേരും മികച്ച ആര്‍ട്ടിസ്റ്റുകളാണ്. പക്ഷേ ഓള്‍റെഡി അവിടെയുള്ളവര്‍ 96ന്റെ തമിഴ് വേര്‍ഷന്‍ കണ്ടതുകൊണ്ട് തെലുങ്ക് റീമേക്ക് അവിടെ വര്‍ക്കായില്ല. തമിഴില്‍ നിന്ന് കുറച്ചു മാറ്റം വരുത്തിയാണ് ഞാന്‍ തെലുങ്കില്‍ ചെയ്തത്,’ പ്രേം കുമാര്‍ പറഞ്ഞു.
Content Highlight: Director Prem Kumar about Telegu remake of 96 movie and Samantha