കോഴിക്കോട്: വെള്ളം, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് പ്രജേഷ് സെന്‍. താന്‍ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേരി ആവാസ് സുനോയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് പ്രജേഷ് ഇപ്പോള്‍.
‘ഒരു റേഡിയോ റിലേറ്റഡ് സബ്ജക്ടാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. എനിക്ക് ചിലത് പറയാനുണ്ട്, നിങ്ങളത് കേള്‍ക്കൂ എന്നാണ് ഞാനീ കഥയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്. പഴയ ആകാശവാണിയുടെ പശ്ചാത്തലമല്ല. പുതിയ കാലഘട്ടത്തിലെ റേഡിയോ സ്റ്റേഷനാണ്,’ എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്. കാന്‍ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറയുന്നത്.
ജയസൂര്യയും മഞ്ജുവാര്യരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആര്‍. ജെ ശങ്കറിനേയും ഡോ. രശ്മി പാടത്തിനേയും അവതരിപ്പിച്ചിരിക്കുന്നത്.
ആറ് സംവിധായകര്‍ വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശ്യാമപ്രസാദ്, ഷാജി കൈലാസ്, സോഹന്‍ സീനുലാല്‍, ജോണി ആന്റണി, എ.എം. നസീര്‍, ഗൗതമി നായര്‍ എന്നിവരാണ് സിനിമയില്‍ വേഷമിടുന്ന സംവിധായകര്‍. ഇവര്‍ക്കൊപ്പം ശിവദയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പോസ്റ്റര്‍ മുന്നേ പുറത്ത് വന്നിരുന്നു. ഈ വര്‍ഷം ഡിസംബറോടെ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പ്രജേഷ് സെന്‍ പറയുന്നു.
ബി. രാകേഷാണ് ചിത്രത്തിന്റെ നിര്‍മാതാവ്. എം. ജയചന്ദ്രന്‍ സിനിമയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.