ലിജോയുടെ എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ഹലിത ഷമീമിന് പിന്തുണച്ച് പ്രതാപ് ജോസഫ്
Entertainment news
ലിജോയുടെ എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ഹലിത ഷമീമിന് പിന്തുണച്ച് പ്രതാപ് ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th February 2023, 1:18 pm

നന്‍പകല്‍ നേരത്ത് മയക്കം തന്റെ ചിത്രമായ ഏലേയുടെ കോപ്പിയാണെന്ന് സംവിധായിക ഹലിത ഷമീമിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ചിത്രങ്ങള്‍ തമ്മിലുള്ള സാമ്യത യാദൃശ്ചികമല്ലെന്ന് സംവിധായകന്‍ പ്രതാപ് ജോസഫ്.

രണ്ട് സിനികളുടെ പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ടെങ്കിലും ഏലെയുമായി നിരവധി സമാനതകള്‍ ലിജോയുടെ ചിത്രത്തിനുണ്ടെന്നാണ് പ്രതാപ് ജോസഫ് പറയുന്നത്.

ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ടെന്നും അതുകൊണ്ടാണ് തനിക്കും ഈ പോസ്റ്റ് ഇടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഹലിത ഷമീം സംവിധാനം ചെയ്ത 2021 ല്‍ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആള്‍മാറാട്ടം എന്ന വിഷയമാണെങ്കില്‍ നന്‍പകല്‍ നേരത്ത് മയക്കം ആളുമാറല്‍ ആണ്.

ഒരേ ലൊക്കേഷന്‍, ഒരേ ക്യാമറമാന്‍, സമാനമായ ചില സന്ദര്‍ഭങ്ങള്‍. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീര്‍ച്ചയായും രണ്ട്‌സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ട്. പക്ഷേ സമാനതകള്‍ നിരവധി.

 

രണ്ടു സിനിമയുടെയും പോസ്റ്ററില്‍ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്,” പ്രതാപ് ജോസഫ് പറഞ്ഞു.

തന്റെ ചിത്രമായ ‘ഏലേ’യുടെ കോപ്പിയാണ് ലിജോയുടെ നന്‍പകല്‍ നേരത്ത് മയക്കമെന്നാണ് ഹലിത പറഞ്ഞത്. ചിത്രം കണ്ടപ്പോള്‍ തനിക്ക് മടുപ്പുളവാക്കിയെന്നും ഒരു സിനിമയിലെ എല്ലാം മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹലിത പറഞ്ഞു.

ഏലേയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമം ഒരുക്കിയിരുന്നുവെന്നും അത് തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ കണ്ടതെന്നും ഏലേയിലെ ഐസ്‌ക്രീം നിര്‍മാതാവാണ് ഇവിടെ പാല്‍ക്കാരനായെത്തുന്ന സുന്ദരമെന്നും അവര്‍ പറഞ്ഞു.

content highlight: director prathap joseph support halitha shameem aligation against nanpakal nerath mayakkam movie