Entertainment news
സിനിമക്ക് പബ്ലിസിറ്റി കൊടുക്കാന്‍ വേറെയും അഭിനേതാക്കളുണ്ടല്ലോ; നിങ്ങളത് ഒറ്റക്ക് ചുമലിലേറ്റേണ്ടതില്ല: ട്രോളുകള്‍ക്ക് മറുപടി നല്‍കി പ്രശോഭ് വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 28, 03:38 am
Monday, 28th February 2022, 9:08 am

ഷൈന്‍ ടോം ചാക്കോ അഭിനയിച്ച വെയില്‍ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ഭീഷ്മ പര്‍വം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. തമിഴില്‍ വിജയ്ക്ക് ഒപ്പം ആദ്യചിത്രം ബീസ്റ്റും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ചാനലുകള്‍ക്ക് താരം തുടര്‍ച്ചയായി അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അഭിമുഖത്തിലെ താരത്തിന്റെ മറുപടികളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ മോശം കമന്റുകളും ഉയര്‍ന്ന് വരുന്നുണ്ട്.

അഭിമുഖങ്ങളില്‍ പരസ്പരബന്ധം ഇല്ലാതെയാണ് ഷൈന്‍ സംസാരിക്കുന്നതെന്നും താരം ലഹരിയിലായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നത്.

ഇതിന്റെ പേരില്‍ ക്രൂരമായ ട്രോളുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ താരം ഇരയാകുന്നുണ്ട്.

എന്നാലിപ്പോള്‍ ഷൈനിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രശോഭ് വിജയന്‍. താരത്തിനെതിരെ ഉയരുന്ന മോശം കമന്റുകളില്‍ പ്രതികരിക്കുകയാണ് പ്രശോഭ് വിജയന്‍.

ഷൈനിനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ ഒരു കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാമം പേജില്‍ പങ്കുവെച്ച് കൊണ്ടാണ് പ്രശോഭ് വിജയന്‍ താരത്തിന് പിന്തുണ നല്‍കുന്നത്.

കാലിന് പരിക്കേറ്റ് കിടക്കുന്ന ഷൈനിന്റെ ഫോട്ടോയും കുറിപ്പിനൊപ്പം സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

”പ്രിയപ്പെട്ട ഷൈന്‍ ടോം ചാക്കോ, നിങ്ങള്‍ക്കും ഈയിടെ നടന്ന നിങ്ങളുടെ അഭിമുഖങ്ങള്‍ക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കരുത്. അവരെ അവഗണിച്ചേക്കുക. പരിക്കുകളില്‍ നിന്നും വേഗം മുക്തനായി വരിക.

തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഈ ഇന്റര്‍നെറ്റ് ലോകം വളരെ ജഡ്ജ്‌മെന്റലാണ്. ഇത്തരക്കാരുടെ ചിന്തകളെയും ചിന്താരീതിയെയുമൊന്നും നമുക്ക് ഒരിക്കലും തിരുത്താനാവില്ല.

തങ്ങളുടെ സിനിമക്ക് പബ്ലിസിറ്റി ഉണ്ടാക്കേണ്ടതിന്റെ ഉത്തരവാദിത്തം മറ്റ് അഭിനേതാക്കള്‍ക്കുമുണ്ട്. ഇത്രയും വേദനയില്‍ നില്‍ക്കുമ്പോഴും അതിന്റെയെല്ലാം ഉത്തരവാദിത്തം നിങ്ങള്‍ ഒറ്റക്ക് ചുമലിലേറ്റേണ്ട കാര്യമില്ല.

നിങ്ങള്‍ പെട്ടെന്ന് പരിക്കില്‍ നിന്ന് മുക്തനായി വരാന്‍ ആഗ്രഹിക്കുന്നു. എത്രയും വേഗം ‘തല്ലുമാല’യില്‍ തിരിച്ചെത്തട്ടെ.

രതീഷ് രവിക്കൊപ്പം ആദിയുടെ കഥ നിങ്ങളോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്. സോഫയില്‍ അലസമായിരുന്നതും എല്ലാകാര്യങ്ങിലും തമാശകള്‍ പറഞ്ഞിരുന്നതും. അന്ന് ആ മുറിയില്‍ ഒരു ക്യാമറ ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം വെളിവാകുമായിരുന്നു.

പെട്ടെന്ന് സുഖമായി വരൂ ചേട്ടാ, എല്ലാ ആശംസകളും,” പ്രശോഭ് വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമാകുന്ന അടി എന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയനാണ്. സിനിമാ ചിത്രീകരണത്തിനിടെ ഷൈനിന് പരിക്ക് പറ്റിയതിന്റെ ഫോട്ടോയാണ് സംവിധായകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

അഭിമുഖങ്ങളിലെ ഷൈനിന്റെ മറുപടികള്‍ക്ക് പിന്നിലുള്ള കാരണം വിശദീകരിച്ചുകൊണ്ട് സിനിമാപ്രേമികളുടെ ഗ്രൂപ്പായ പാന്‍ സിനിമ കഫേയില്‍ കുറിപ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാലില്‍ പരിക്ക് പറ്റിയതിന്റെ വേദനയും പെയിന്‍ കില്ലറുകള്‍ കഴിച്ചതിന്റെ സെഡേഷനുമായാണ് ഷൈന്‍ അഭിമുഖങ്ങള്‍ക്കെത്തിയതെന്നുമാണ് ഈ കുറിപ്പില്‍ പറയുന്നത്.

ഇത് കാരണം ഇന്റര്‍വ്യൂകളിലെ പല മറുപടികളും കൈവിട്ട് പോയെന്നും അത് ഉയര്‍ത്തിക്കാണിച്ച് ഓണ്‍ലൈന്‍ സദാചാര പൊലീസ് ചമയുന്ന ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ഷൈനിന് പിന്തുണയുമായും നിരവധി പേര്‍ എത്തുന്നുണ്ട്.


Content Highlight: Director Prashobh Vijayan Instagram post about Shine Tom Chacko