സലാറിലെ ഏറ്റവും വലിയ സ്‌കെയ്ല്‍ പൃഥ്വിരാജാണെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. പ്രഭാസ് ചിത്രത്തിലെ ഏറ്റവും വലിയ ഇമോഷനും ഡ്രാമയും പൃഥ്വിരാജാണെന്നും അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. ഹോംബാലെ ഫിലിംസ് പുറത്ത് വിട്ട രാജമൗലി അവതാരകനായ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശാന്തിനൊപ്പം പൃഥ്വിരാജും പ്രഭാസും അഭിമുഖത്തിലുണ്ടായിരുന്നു.
‘വലിയ സ്‌കെയ്‌ലും ഔട്ട്‌ലുക്കും പാന്‍ ഇന്ത്യന്‍ മൂവി ഒക്കെ ആണെങ്കിലും സലാറിലെ ഏറ്റവും വലിയ സ്‌കെയ്ല്‍ പൃഥ്വിരാജാണ്. ഒരു പ്രഭാസ് ചിത്രത്തില്‍ എനിക്കുള്ള ഏറ്റവും വലിയ സ്‌കെയ്‌ലും ഏറ്റവും വലിയ ഇമോഷനും എനിക്കുള്ള വലിയ ഡ്രാമയുമെല്ലാം പൃഥ്വിരാജ് സുകുമാരനാണ്. അദ്ദേഹം ഈ സിനിമയുടെ ഭാഗമായതിനാല്‍ വലിയ സന്തോഷമുണ്ട്,’ പ്രശാന്ത് നീല്‍ പറഞ്ഞു. സംവിധായകന്റെ പരാമര്‍ശങ്ങള്‍ കേട്ട് അത്ഭുതപ്പെടുന്ന പൃഥ്വിരാജിനേയും കയ്യടിക്കുന്ന പ്രഭാസിനേയും വീഡിയോയില്‍ കാണാം.
മലയാളം സിനിമയെ പുകഴ്ത്തി പ്രഭാസും അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. കാലാപാനി പോലെ ഒരു ചിത്രം മലയാളം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചെയ്തുവെന്നും അവിടെ മികച്ച ടെക്നീഷ്യന്മാരാണ് ഉള്ളതെന്നും പ്രഭാസ് പറഞ്ഞു.
‘കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ മലയാളം ഇന്‍ഡസ്ട്രി ചെയ്തു. ഇത് ഏത് സംസ്ഥാനമാണ്, ഏത് ഭാഷയാണെന്ന് ചിന്തിച്ചാണ് ഞങ്ങളൊക്കെ കാലാപാനി കണ്ടത്. 27 വര്‍ഷം മുമ്പാണ് കാലാപാനി ഇറങ്ങിയത്. മലയാളം വലിയ ഇന്‍ഡസ്ട്രിയാണ്. നിങ്ങള്‍ക്ക് മികച്ച ടെക്നീഷ്യന്മാരുണ്ട്,’ പ്രഭാസ് പറഞ്ഞു.
ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്യുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍.ഒ- ഒബ്സ്‌ക്യൂറ എന്റര്‍ടെന്‍യ്മെന്റ്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്ഫോര്‍ത്ത്.
Content Highlight: Director Prashant Neel says Prithviraj is the biggest scale in Salaar