| Tuesday, 26th December 2023, 5:43 pm

സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്തത് ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യില്ല: പ്രശാന്ത് നീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്തത് ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യില്ലെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. സലാര്‍ ഒരു പ്രഭാസ് ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജിന് അറിയാമായിരുന്നുവെന്നും ഒരു താരമെന്ന നിലക്കാണ് സെറ്റില്‍ വന്നതെങ്കില്‍ ഈ കഥാപാത്രം അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കില്ലായിരുന്നുവെന്നും ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് നീല്‍ പറഞ്ഞു.

‘സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്തത് ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യില്ല. സലാര്‍ ഒരു പ്രഭാസ് ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജിന് അറിയാമായിരുന്നു. അത്രയും വ്യക്തത മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള താരത്തില്‍ നിന്നും ലഭിക്കില്ല. സംവിധായകനും കൂടിയായതുകൊണ്ട് അദ്ദേഹത്തിന് അത് പെട്ടെന്ന് മനസിലാവും. ഈ സിനിമ ഒരു പ്രത്യേക രീതിയിലാണ് നിര്‍മിക്കാന്‍ പോകുന്നതെന്നും തനിക്ക് ലഭിച്ച കഥാപാത്രം എത്രത്തോളം എക്‌സ്‌പോഷര്‍ ഉണ്ടാക്കുമെന്നും പൃഥ്വിരാജിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഒരു താരമെന്ന നിലക്കാണ് സെറ്റില്‍ വന്നതെങ്കില്‍ ഈ കഥാപാത്രം ചെയ്യാന്‍ പൃഥ്വിരാജിനാവില്ലായിരുന്നു,’ പ്രശാന്ത് നീല്‍ പറഞ്ഞു.

ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്തത്. കെ.ജി.എഫ് 2വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് അഞ്ചു ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 400 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.

ഖാന്‍സാര്‍ എന്ന സാങ്കല്‍പിക ദേശത്തില്‍ അധികാരത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തെ ഒരു സുഹൃത്ബന്ധം എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് സലാര്‍ കാണിച്ചുതരുന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ അവതരിപ്പിച്ചിരിക്കുന്ന ദേവരദ, പൃഥ്വിരാജിന്റെ വരദരാജ മന്നാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്.

ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി.എല്‍. വെങ്കടചലപതി, ആക്ഷന്‍സ് – അന്‍മ്പറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി.എഫ്.എക്സ് – രാഘവ് തമ്മ റെഡ്ഡി. പി.ആര്‍.ഒ. – മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്- ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – ഒബ്സ്‌ക്യൂറ.

Content Highlight: Director Prashant Neel said that no other actor in India would do what Prithviraj did for Salaar

We use cookies to give you the best possible experience. Learn more