| Monday, 30th August 2021, 10:29 pm

ഉയര്‍ന്ന ചിന്തകളുള്ള, സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വ്യക്തിയാണ് ആര്‍.ജെ ശങ്കര്‍; ജയസൂര്യയുടെ കഥാപാത്രത്തെ കുറിച്ച് പ്രജേഷ് സെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവസ് സുനോ. ചിത്രത്തിലെ  ജയസൂര്യയുടെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഇപ്പോള്‍.

അതിലെ നായകന്‍ ശാന്തനായ ഒരു വ്യക്തിയാണ്. റേഡിയോ അവതാരകരുടെ സാധാരണ ശൈലികളില്‍ നിന്ന് വ്യത്യസ്തമായി ഒരു സാധാരണ സംഭാഷണം പോലെയാണ് ആര്‍.ജെ ശങ്കര്‍ തന്റെ ഷോ അവതരിപ്പിക്കുന്നത് എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍ പറയുന്നത്.

പലപ്പോഴും സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വ്യക്തിയാണ് ആര്‍.ജെ ശങ്കര്‍. ഉയര്‍ന്ന ചിന്തകളുള്ള വ്യക്തിയാണെന്നും പ്രജേഷ് പറയുന്നു.

ഈ കഥാപാത്രം ഏതെങ്കിലും സാധാരണ ആര്‍.ജെയെ ഉദ്ദേശിച്ചല്ല എന്നും, മറിച്ച് ഒരു കഥയിലെ ഒരു വ്യക്തിയുടെ മാതൃകയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പ്രജേഷ് കൂട്ടിച്ചേര്‍ത്തു.

‘ഒരു റേഡിയോ റിലേറ്റഡ് സബ്ജക്ടാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. എനിക്ക് ചിലത് പറയാനുണ്ട്, നിങ്ങളത് കേള്‍ക്കൂ എന്നാണ് ഞാനീ കഥയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്. പഴയ ആകാശവാണിയുടെ പശ്ചാത്തലമല്ല. പുതിയ കാലഘട്ടത്തിലെ റേഡിയോ സ്റ്റേഷനാണ്,’ എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്.

ജയസൂര്യയും മഞ്ജുവാര്യരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആറ് സംവിധായകര്‍ വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശ്യാമപ്രസാദ്, ഷാജി കൈലാസ്, സോഹന്‍ സീനുലാല്‍, ജോണി ആന്റണി, എ.എം. നസീര്‍, ഗൗതമി നായര്‍ എന്നിവരാണ് സിനിമയില്‍ വേഷമിടുന്ന സംവിധായകര്‍. ഇവര്‍ക്കൊപ്പം ശിവദയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ പോസ്റ്റര്‍ മുന്നേ പുറത്ത് വന്നിരുന്നു. ഈ വര്‍ഷം ഡിസംബറോടെ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പ്രജേഷ് സെന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Prajesh Sen about the Character of Jayasurya in his new movie Meri Avaaz Suno

We use cookies to give you the best possible experience. Learn more