51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ച പ്രഖ്യാപിച്ചതില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’ സിനിമയിലെ മുരളി എന്ന മദ്യപാനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് അവാര്‍ഡ ലഭിച്ചത്.
വെള്ളം സംവിധാനം ചെയ്തപ്പോഴുള്ള അനുഭവവും ജയസൂര്യയുടെ പ്രകടനത്തെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. അവാര്‍ഡ് വാര്‍ത്തയ്ക്ക് പിന്നാലെ ജയസൂര്യയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു പ്രജേഷ് സെന്‍.
തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ജയസൂര്യയുടെ ഡെഡിക്കേഷനാണ് ഈ സിനിമയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഓരോ കുഞ്ഞ് കാര്യങ്ങള്‍ ചെയ്യുമ്പോഴും അത്രയും ശ്രദ്ധിച്ചാണ് ജയസൂര്യ ചെയ്തതെന്നും പ്രജേഷ് പറഞ്ഞു.
”ചില സീനുകള്‍ സിംഗിള്‍ ഷോട്ടിലാണ് ചെയ്തത്. കാരണം റിഹേഴ്‌സല്‍ ചെയ്താല്‍ കുഴപ്പമാവുമോ എന്ന് പേടിയുണ്ടായിരുന്നു. ആ മൊമന്റില്‍ ഉള്ളത് ചിലപ്പൊ പിന്നീട് കിട്ടില്ല.
അവിടെയൊക്കെ വളരെ ബ്രില്ല്യന്റായി അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് വന്നതുകൊണ്ടാണ് സിനിമയ്ക്ക് ടോട്ടലി ആ ക്യാരക്ടറിനോട് നീതി പുലര്‍ത്താന്‍ പറ്റിയത്,” സംവിധായകന്‍ പറഞ്ഞു.
ഡെഡിക്കേഷനപ്പുറം ഈ സിനിമയില്‍ എല്ലാവരും പരസ്പരം മനസിലാക്കിയിരുന്നു എന്നാണ് ജയസൂര്യ പ്രതികരിച്ചത്. സിനിമ കണ്ട് മദ്യപാനികളായ ഒരുപാട് പേര്‍ക്ക് പരിവര്‍ത്തനമുണ്ടായെന്ന് അറിഞ്ഞെന്നും ഇത് വലിയ സന്തോഷം തന്നെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പം മത്സരരംഗത്ത് ഉണ്ടായിരുന്നത് വലിയ ഭാഗ്യമാണെന്നും എല്ലാവരും അസാധ്യ നടന്മാരാണെന്നും ജയസൂര്യ പ്രതികരിച്ചു.