വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം ജയസൂര്യയെ തേടിയെത്തുമ്പോള്‍ ഈ പുരസ്‌കാരം നേരത്തെ പ്രതീക്ഷിച്ചിരുന്ന മറ്റൊരാളുണ്ടായിരുന്നു, ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെന്‍.
ജയസൂര്യയ്ക്ക് അവാര്‍ഡ് കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നെന്നും സിനിമ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടുമെന്നാണ് എല്ലാവരും പറഞ്ഞതെന്നും പ്രജേഷ് സെന്‍ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അത്രത്തോളം അഭിനയത്തോട് ആവേശമുള്ള മനുഷ്യനാണ് ജയസൂര്യയെന്നും പ്രജേഷ് സെന്‍ പറയുന്നു.
‘ സിനിമയില്‍ അദ്ദേഹം മദ്യം നക്കി കുടിക്കുന്ന സീനുണ്ട്. ഡി അഡിക്ഷന്‍ സെന്ററില്‍ താമസിക്കുന്ന സമയത്ത് ആശുപത്രിയുടെ തറയില്‍ നിന്നുമാണ് മദ്യം നക്കുന്നത്. തറയില്‍ പൊടിയുണ്ടായിട്ടും ജയസൂര്യ അത് നക്കിക്കുടിക്കാന്‍ തയ്യാറായി. അതൊരു അര്‍പ്പണ മനോഭാവമാണ്. കഥാപാത്രത്തിനോട് നീതി കാണിക്കാനുള്ള ആര്‍ത്തി കൊണ്ട് ചെയ്യുന്നതാണ്.
കോമഡി സ്‌കിറ്റിലൊക്കെ ചെയ്യുന്നതുപോലെ കുടിയന്‍മാരെ കളിയാക്കില്ല എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. മദ്യപിക്കുന്നവര്‍ മദ്യപിച്ചില്ല എന്ന് തെളിയിക്കാന്‍ വേണ്ടി ഓരോന്ന് ചെയ്യുന്നവരാണ്. അവരെ പോട്രെയ്റ്റ് ചെയ്യുകയായിരുന്നു ഉദ്ദേശം. ജയസൂര്യ മദ്യപിക്കുന്ന വ്യക്തിയല്ല. പിന്നെ ഇത്തരത്തിലുള്ള സിനിമ ചെയ്യാന്‍ അദ്ദേഹം മടി കാണിച്ചിട്ടില്ല. ജയസൂര്യയെ പൂര്‍ണമായി മനസില്‍ കണ്ട് എഴുതിയ സിനിമ കൂടിയാണ് ഇത്.
ജയസൂര്യയെ തേടിയെത്തിയത് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്. പിന്നെ സിനിമ അവതരിപ്പിച്ച രാഷ്ട്രീയത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിലും സന്തോഷമുണ്ട്. മദ്യപാനത്തിന് അടിമപ്പെട്ട് ജീവിതം നശിപ്പിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ഞാനോ നിങ്ങളോ വിചാരിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും. അത് മനസിലാക്കിക്കൊടുക്കാന്‍ സിനിമ സഹായിച്ചിട്ടുണ്ടെന്നും പ്രജേഷ് സെന്‍ പറയുന്നു.
വെള്ളം സിനിമയുടെ കഥ മനസില്‍ തോന്നിയപ്പോള്‍ തന്നെ ജയസൂര്യയോട് ഈ കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈ വിഷയത്തെ കുറിച്ച് നിരവധി സിനിമകള്‍ വന്നിട്ടുള്ളതല്ലേ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. പക്ഷേ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമായി മദ്യപാനിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. ജയസൂര്യ എന്നേയും ഞാന്‍ അദ്ദേഹത്തേയും വിശ്വസിച്ചു, പ്രജേഷ് സെന്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം