ശ്രദ്ധേയമായ സിനിമകള്‍ മലയാളത്തിനൊരുക്കിയ സംവിധായകനാണ് പോള്‍സണ്‍. സിനിമാ ചിത്രീകരണത്തിന് പോകുമ്പോള്‍ മോഹന്‍ലാലിന്റെ കൂടെ ഒരു റൂമില്‍ താമസിക്കുന്നതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹമിപ്പോള്‍. പഴയതാരങ്ങളുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തതിനെക്കുറിച്ച് അറിയാന്‍ മോഹന്‍ലാലിന് വലിയ താല്‍പര്യമായിരുന്നുവെന്നാണ് പോള്‍സണ്‍ പറയുന്നത്.
അന്ന് ഒന്നിച്ച് കിടന്നുറങ്ങിയവര്‍ ആണെങ്കിലും ഒരു ചാന്‍സ് ചോദിച്ച് പോയപ്പോള്‍ അദ്ദേഹം തന്നില്ലെന്നും പോള്‍സണ്‍ പറഞ്ഞു. മമ്മൂട്ടിയുമായിട്ട് തുടക്കത്തില്‍ തനിക്കുണ്ടായിരുന്ന സൗഹൃദത്തെ പറ്റിയും പോള്‍സന്‍ അഭിമുഖത്തില്‍ സംസാരിച്ചു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നോക്കെത്താദൂരത്ത് എന്ന സിനിമ ചെയ്യുമ്പോള്‍ ഞാനും മോഹന്‍ലാലും താമസിച്ചിരുന്നത് ഒരേ മുറിയിലായിരുന്നു. എന്റെ കൂടെ തന്നെയാണ് കിടക്കുന്നത്. എന്നിട്ട് പഴയ താരങ്ങളുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തതിനെ പറ്റിയൊക്കെ ഓരോ വിശേഷങ്ങള്‍ പുള്ളി ചോദിക്കും.
നസീര്‍ സാറിനെയൊക്കെ കണ്ട് പഠിക്കണം. അദ്ദേഹം കൃത്യസമയത്ത് ലൊക്കേഷനില്‍ വരും. എല്ലാവരുമായി മിംഗിള്‍ ചെയ്യും. അതൊക്കെയാണ് നസീര്‍ സാര്‍ ചെയ്തിരുന്നതെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.
നസീര്‍ സാറിനെ പോലെ ലൊക്കേഷനില്‍ വരുന്നതും കൃത്യനിഷ്ഠയുമൊക്കെ മോഹന്‍ലാല്‍ കൃത്യമായി പാലിക്കും. മമ്മൂട്ടി പാലിക്കുന്നില്ലെന്നല്ല.
അന്ന് മമ്മൂട്ടിയുമായി എനിക്ക് സൗഹൃദമില്ല. പിന്നീടാണ് അദ്ദേഹവുമായി പരിചയപ്പെടുന്നതും പുള്ളിയുടെ സിനിമകളില്‍ വര്‍ക്ക് ചെയ്തതും. ഒരു ഡേറ്റ് പറഞ്ഞാല്‍ ആ ഡേറ്റിന് തന്നെ വര്‍ക്ക് ചെയ്യുന്ന ആളാണ് മമ്മൂട്ടി.
മോഹന്‍ലാല്‍ എല്ലാവരോടും ഒരുപോലെ സംസാരിച്ച് നടക്കുന്നയാളാണ്. മമ്മൂട്ടി പൊതുവേ സൈലന്റാണ്. ആവശ്യമില്ലാത്തതിന് സംസാരിക്കാതെ എവിടേലും ഇരിക്കുകയേ ചെയ്യുകയുള്ളു. മോഹന്‍ലാലിനോട് എന്തും പറയാം. പക്ഷേ മമ്മൂട്ടിയോട് പറയാന്‍ പോയാല്‍ മറുപടി എന്തായിരിക്കുമെന്ന് ഓര്‍ത്ത് പേടിക്കേണ്ടി വരും. ഇപ്പോഴും ആ പേടിയുണ്ട്.
ഇത്രയുമൊക്ക ബന്ധമുണ്ടെങ്കിലും അവരുമായി അടുക്കാന്‍ പോകാന്‍ ഇനിയെനിക്ക് പറ്റില്ല. കാണുമ്പോള്‍ അത്രയും സ്നേഹത്തോടെയാണ് അവര്‍ പെരുമാറുന്നത്. പക്ഷേ ഇപ്പോള്‍ ചെന്നിട്ട് പഴയത് പോലെയൊന്നും സംസാരിക്കാന്‍ സാധിക്കില്ല. പണ്ട് നേരിട്ട് വിളിക്കുമ്പോള്‍ സംസാരിക്കുന്നത് അവരാണ്. ഇപ്പോള്‍ അവരെ വിളിച്ചാല്‍ കിട്ടില്ല. എന്റെ കൂടെ അസിസ്റ്റന്റ് ആയിരുന്ന ഇപ്പോള്‍ വലിയ സംവിധായകര്‍ ആയിരുന്നവരോട് പോലും ഞാന്‍ വിളിച്ച് സംസാരിക്കാറില്ല.
മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒരു പടം ചെയ്യണമെന്ന് കൊതിയുണ്ട്. ഒരിക്കല്‍ മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിങ്ങനെ മൂന്നാല് പേരുടെ സിനിമകള്‍ മാത്രമേ താന്‍ ചെയ്യുകയുള്ളു. പിന്നെ നോക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അന്നെനിക്ക് വിഷമം തോന്നി. ഒന്ന് ചോദിച്ച് നാണംക്കെട്ടു. ഇനി ഞാന്‍ ചോദിക്കില്ല,” പോള്‍സണ്‍ പറഞ്ഞു.
content highlight: director polson about mammootty and mohanlal