| Thursday, 5th January 2023, 8:34 pm

'വലിയ സംവിധായകന്റെ ചിത്രം വന്നപ്പോള്‍ സുരേഷ് ഗോപി എന്റേത് ഉപേക്ഷിച്ചു, ഒടുവില്‍ രണ്ടും കിട്ടാതായി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോള്‍സന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്ത് വന്ന ചിത്രമാണ് മക്കള്‍ മാഹാത്മ്യം. മുകേഷ്, സായ്കുമാര്‍, ജഗദീഷ് എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്. ചിത്രത്തില്‍ ആദ്യം സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ സിബി മലയിലിന്റെ സിനിമ വന്നപ്പോള്‍ അദ്ദേഹം തന്റെ ചിത്രം ക്യാന്‍സല്‍ ചെയ്തുവെന്നും പറയുകയാണ് പോള്‍സണ്‍. തന്റെ ചിത്രം വേണ്ടെന്ന് വെച്ച സുരേഷ് ഗോപിക്ക് പിന്നെ തിരിച്ചടി ലഭിച്ചെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പോല്‍സണ്‍ പറഞ്ഞു.

‘മക്കള്‍ മാഹാത്മ്യം എന്ന ചിത്രത്തിലേക്ക് സുരേഷ് ഗോപിയേയും മുകേഷിനേയുമായിരുന്നു ആദ്യം നായകന്മാരാക്കിയത്. സുരേഷ് ഗോപിക്ക് അന്ന് സിബി മലയിലിന്റെ വളയം എന്നൊരു ചിത്രം വന്നു. സിബിയും ഡേറ്റ് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി എന്റെ പടം ക്യാന്‍സല്‍ ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ എന്റെ പടത്തിന്റെ ഷൂട്ടിങ് തുടങ്ങും. ആ ഷൂട്ടിനിടക്ക് മാറിയാല്‍ ഞാനെന്തു ചെയ്യും. ഞാന്‍ സിബിയെ വിളിച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു. കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് അഡ്വാന്‍സ് കൊടുത്ത കാര്യം ഞാന്‍ പറഞ്ഞു.

സിബിയുടെ സിനിമക്ക് വേണ്ടി ഷേപ്പ് മാറും, മുടി ട്രിം ചെയ്യും എന്നൊക്കെ സുരേഷ് ഗോപി എന്നോട് റഞ്ഞു. മാറിക്കോട്ടെ ഞാന്‍ സിബിയുമായി അഡ്ജസ്റ്റ് ചെയ്‌തോളാമെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് പറ്റില്ലായിരുന്നു. സിബിയുടെ പടത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് സുരേഷ് ഗോപി എന്റെ പടം ക്യാന്‍സല്‍ ചെയ്തു. പൈസ തിരിച്ചുതരണം എന്ന് ഞാന്‍ പറഞ്ഞു. രണ്ടാഴ്ചക്കകം തരാമെന്ന് സുരേഷ് പറഞ്ഞു. ഒടുവില്‍ സുരേഷ് ഗോപിക്ക് പകരം സായ് കുമാറിനെ എടുത്തു.

പക്ഷേ സുരേഷ് ഗോപിയെ സിബിയും അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് എടുത്തില്ല. സിബി മനോജ് കെ. ജയനെ വെച്ച് വളയം ചെയ്തു. സുരേഷ് ഗോപിക്ക് അതും കിട്ടിയില്ല. അതിനു ശേഷം മറ്റൊരു സ്ഥലത്ത് വെച്ച് സുരേഷ് ഗോപിക്ക് വയ്യാതിരിക്കുമ്പോള്‍ ഞാന്‍ കാണാന്‍ പോയി. സിബിയുടെ പ്രോജക്ട് പോയതിന്റെ ദേഷ്യം എന്നോട് കാണുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ സ്‌നേഹത്തോടെയാണ് എന്നോട് പെരുമാറിയത്. സിബിയുമായി നിങ്ങള്‍ക്ക് ഇത്രയും ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു, എനിക്ക് രണ്ട് പ്രോജക്ടും ചെയ്യാമായിരുന്നു, പക്ഷേ രണ്ടും വിട്ടുപോയി, അന്ന് മനസ് തുറന്ന് എന്നോട് സുരേഷ് ഗോപി സംസാരിച്ചു,’ പോള്‍സണ്‍ പറഞ്ഞു.

Content Highlight: director paulson talks about suresh gopi and makkal mahathmyam movie

We use cookies to give you the best possible experience. Learn more