കടപ്പുറം കാര്‍ത്ത്യായനിയെ പറ്റി ഭര്‍ത്താവിനോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ കര്‍ട്ടന്റെ മറവില്‍ നിന്നും സീനത്ത് നോക്കി, അന്നാണ് അവരെ ആദ്യമായി കണ്ടത്: പോള്‍സണ്‍
മലയാളത്തില്‍ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സിദ്ദിഖ്-ലാല്‍ കുട്ടുകെട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ ഗോഡ്ഫാദര്. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ നടി സീനത്ത് അവതരിപ്പിച്ചിരുന്നു. കടപ്പുറം കാര്‍ത്ത്യായനി എന്ന കഥാപാത്രം ഒറ്റരംഗത്തിലാണ് എത്തിയതെങ്കിലും ചിത്രം കണ്ട പ്രേക്ഷകരാരും അത് മറന്നിരുന്നില്ല.
‘ഗോഡ്ഫാദറിലെ കടപ്പുറം കാര്‍ത്ത്യായനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി ഒരുപാട് പെണ്ണുങ്ങളെ ഞങ്ങള്‍ അഭിമുഖം നടത്തിയിരുന്നു. പക്ഷേ ആരേയും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു നാടകക്കാരി ഉണ്ട്, കെ.ടി മുഹമ്മദിന്റെ ഭാര്യ ആണെന്ന് ഒരാള്‍ പറഞ്ഞത്.
അങ്ങനെ പുള്ളിയുടെ വീട്ടില്‍ ചെന്നു. സിദ്ദിഖ്-ലാല്‍ എന്ന് പറയുന്ന സംവിധായകരുടെ സിനിമക്ക് വേണ്ടി വന്നതാണ്, സീനത്തിന് അഭിനയിക്കാന്‍ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. റോളെന്താണെന്ന് ഭര്‍ത്താവ് ചോദിച്ചു. കടപ്പുറം കാര്‍ത്ത്യായനി എന്ന റോളാണ്, ആള്‍ക്കാരെ വശീകരിച്ച് വെക്കുന്ന ആളാണ്, ഒരാളെ തടഞ്ഞുവെച്ചതിന് അഞ്ഞൂറാനും പാര്‍ട്ടിയും വന്ന് ചോദിക്കുന്നു, അവള് തറുതല പറയുന്നു, അടിക്കുന്നു, ഇവരെ മോചിപ്പിക്കുന്നു, ഈ സംഭവമാണ്, ആകെ ഒരു സീനേ ഉള്ളൂ, പക്ഷേ സിനിമയുടെ മെയ്ന്‍ സാധനമാണ് എന്ന് പറഞ്ഞു.
ഞാന്‍ ഇത് പറയുമ്പോള്‍ സീനത്ത് ഒരു കര്‍ട്ടന്റെ മറവില്‍ നിന്നും നോക്കുകയാണ്, എന്നിട്ട് തല ഒന്ന് ആട്ടി. അവള് വരാമെന്നാണ് പറയുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. അന്നാണ് സീനത്തിനെ ആദ്യമായി കാണുന്നത്. ആള്ക്കാര് പറഞ്ഞുകേട്ടുള്ള അറിവേ ഉള്ളൂ. എന്താണ് വേഷമെന്ന് ഭര്‍ത്താവ് ചോദിച്ചു. കൈലി മുണ്ടും ബ്ലൗസുമാണ്, പിന്നെ മുറുക്കുമുണ്ടെന്ന് ഞാന്‍ പറഞ്ഞു. അവസാനം സമ്മതിച്ചു.
സിനിമ പുറത്തിറങ്ങി കുറച്ചു നാള് കഴിഞ്ഞപ്പോള്‍ അവരുടെ ഭാര്‍ത്താവ് എന്നെ വിളിച്ചു. അവള് ചെറിയ നാടകങ്ങള്‍ ചെയ്ത് ആരും അറിയാതെ പോയേനെ, നിങ്ങള്‍ സിനിമയിലാക്കി, ഇപ്പോള്‍ സീനത്തിന്റെ അഭിനയത്തെ പറ്റി പറഞ്ഞ് പ്രശംസിക്കുന്നു എന്ന് എന്നോട് പറഞ്ഞു,’ പോള്‍സണ്‍ പറഞ്ഞു.
Content Highlight: director paulson talks about seenath and godfather movie