മലയാള സിനിമയില്‍ ഒരുപാട് ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത് പിന്നീട് ഡയറക്ടറായി മാറിയ വ്യക്തിയാണ് പോള്‍സന്‍. ഗോഡ് ഫാദര്‍, ഫ്രണ്ട്‌സ്, റാംജി റാവു സ്പീക്കിങ്ങ് ഉള്‍പ്പെടെയുള്ള സിനിമകളില്‍ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
മോഹന്‍ലാലുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടെയാണ് പോള്‍സന്‍. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘നോക്കെത്താദൂരത്ത് എന്ന സിനിമയുടെ സമയത്ത് ഉദയയില്‍ ഒരേ മുറിയിലായിരുന്നു ഞാനും മോഹന്‍ലാലും താമസിച്ചിരുന്നത്. അവിടെ എല്ലാം ഡബിള്‍ റൂമുകളായിരുന്നു. മോഹന്‍ലാല്‍ എന്റെ കൂടെ തന്നെയാണ് കിടക്കുന്നത്.
എന്നിട്ട് പുള്ളി ഓരോ വിശേഷങ്ങള്‍ ചോദിക്കും. പഴയ താരങ്ങളുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തതിനെ പറ്റിയൊക്കെ ചോദിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ നസീര്‍ സാറിനെയൊക്കെ കണ്ട് പഠിക്കണമെന്ന് പറയും. അദ്ദേഹം കൃത്യസമയത്ത് ലൊക്കേഷനില്‍ വരുമെന്നും എല്ലാവരുമായി മിംഗിള്‍ ചെയ്യുമെന്നൊക്ക ഞാന്‍ പറഞ്ഞു.
എന്നാല്‍ ഇന്ന് മോഹന്‍ലാലിലേക്ക് അടുക്കാന്‍ പറ്റില്ല. ഇന്നും ഞങ്ങള്‍ തമ്മില്‍ ആ ബന്ധമുണ്ട്. കണ്ടാല്‍ എന്നോട് നന്നായി പെരുമാറും. എന്താണ് വിശേഷമെന്നൊക്കെ ചോദിക്കും. എന്നാല്‍ അന്നത്തെ പോലെ സംസാരിക്കാന്‍ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല.
ഇപ്പോള്‍ മോഹന്‍ലാലിനെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല. കൂടെയുള്ളവരാകും കോള്‍ എടുക്കുന്നത്. അവര്‍ മോഹന്‍ലാലിന് കൊടുക്കില്ല. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ആ വിവരം പറയില്ല. ആ കാര്യത്തില്‍ ഒരു രക്ഷയുമില്ല.
പണ്ടാണെങ്കില്‍ നേരിട്ട് ഫോണ്‍ ചെയ്യാമായിരുന്നു. ഇപ്പോള്‍ ഫോണ്‍ ചെയ്യല്‍ നടക്കില്ല. ഒരുപാട് ആളുകളുണ്ട്, അവരുടെയൊക്കെ അഭിപ്രായം കേട്ട ശേഷമേ മോഹന്‍ലാലിനെ കിട്ടുകയുള്ളു. പണ്ട് അങ്ങനെ ആയിരുന്നില്ല. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ ആരെയും വിളിക്കാറില്ല,’ പോള്‍സന്‍ പറഞ്ഞു.
Content Highlight: Director Paulson Talks About Mohanlal