| Tuesday, 3rd January 2023, 9:16 am

ആ രാത്രിയില്‍ മമ്മൂക്ക എന്നെ നടുറോട്ടില്‍ ഇറക്കി വിട്ടു, ഒന്നും ചെയ്യാനില്ലാതെ അവിടെ നിന്ന് ഞാന്‍ കരഞ്ഞു, എന്നാല്‍ പോയ വേഗത്തില്‍ അദ്ദേഹം തിരിച്ചു വന്നു: പോള്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ അസിസ്റ്റന്റ് ഡറക്ടറായിരുന്ന സമയത്തുള്ള മമ്മൂട്ടിയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ പോള്‍സണ്‍. തന്നെ വെളുപ്പിനെ മൂന്ന് മണിക്ക് കാറില്‍ നിന്നും മമ്മൂട്ടി ഇറക്കി വിട്ടിട്ടുണ്ടെന്നും, അന്ന് താന്‍ കരഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. മണിവത്തൂരിലെ ആയിരം ശിവരാത്രികല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടന്ന സംഭവങ്ങളാണ് അദ്ദേഹം പറഞ്ഞത്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദാഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയില്‍ നിന്നും തിരിച്ച് പോകാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ മമ്മൂട്ടി വന്ന് ഫാസിലിനോട് പറഞ്ഞു ഞാന്‍ തിരുവനന്തപുരത്തേക്കാണ് പോകുന്നത് എനിക്ക് കൂട്ടിന് പോള്‍സണെ വിടണമെന്ന്. ഞാന്‍ ആണെങ്കില്‍ ആ സമയത്ത് മറ്റെന്തോ ജോലി ചെയ്യുകയായിരുന്നു. ഫാസില്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു മമ്മൂട്ടിക്കൊപ്പം തിരുവനന്തപുരം വരെ പോകണം പെട്ടിയൊക്കെ റെഡിയാണോയെന്ന്.

ഫാസില്‍ ഇത് ചോദിച്ചപ്പോള്‍ തന്നെ എനിക്ക് പോകാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം ഷൂട്ടിങ്ങിന് ഞാന്‍ കൊണ്ടുവന്ന ഒരുപാട് സാധനങ്ങള്‍ അവിടെയുണ്ടായിരുന്നു. തിരിച്ച് പോകുമ്പോള്‍ അതെല്ലാം പാക്ക് ചെയ്ത് തിരികെ കൊണ്ടുപോകണമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ഫാസില്‍ പറഞ്ഞു അത് ഞാന്‍ കാറിനകത്ത് കൊടുത്തുവിട്ടോളാം  താന്‍ എന്തായാലും മമ്മൂട്ടിക്കൊപ്പം പോകണമെന്ന്.

എന്നിട്ടും അദ്ദേഹത്തിനൊപ്പം പോകാന്‍ എനിക്ക് മനസുവന്നില്ല. ഞാന്‍ പോകില്ലായെന്ന് പറയുന്നത് മമ്മൂക്കയും കേട്ടു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു താന്‍ എന്റെയൊപ്പം വരണം ഞാന്‍ വീട്ടില്‍ കൊണ്ട് വിട്ടോളാമെന്ന് മമ്മൂക്ക പറഞ്ഞതുകൊണ്ട് അവസാനം ഞാന്‍ സമ്മതിച്ചു. അങ്ങനെ കാറില്‍ കയറി യാത്ര ആരംഭിച്ചു.

ഞങ്ങള്‍ രണ്ടുപേരും അദ്ദേഹത്തിന്റെ ഡ്രൈവറും മാത്രമെ കാറിലുണ്ടായിരുന്നുള്ളു. വണ്ടിയോടിക്കുന്നത് മമ്മൂക്കയാണ് ആ സമയം ഡ്രൈവര്‍ ഉറങ്ങുകയാണ്. എങ്ങനെയാണ് താന്‍ സിനിമയില്‍ വന്നത് എന്നൊക്കെ ആ യാത്രയില്‍ മമ്മൂക്ക എന്നോട് പറഞ്ഞു. മുമ്പൊരിക്കല്‍ മമ്മൂട്ടിയെ സ്‌ഫോടനത്തിന്റെ സെറ്റില്‍ വെച്ച് ഞാന്‍ കണ്ടിരുന്നു. ഞാന്‍ സ്‌നേഹിച്ച് കല്യാണം കഴിച്ച കഥയും, വീട് സ്വന്തമായില്ലെന്നും വാടകക്കാണ് താമസിക്കുന്നതെന്നുമൊക്കെ അന്ന് മമ്മൂക്കയോട് പറഞ്ഞിരുന്നു.

തനിയാവര്‍ത്തനം അടക്കം മമ്മൂട്ടിയുടെ അഞ്ചോളം പടങ്ങള്‍ അന്ന് റിലീസിന് ഒരുങ്ങുന്ന സമയമാണ്.  ഈ അഞ്ച് പടം റിലീസായാല്‍ ഞാന്‍ സൂപ്പര്‍ ഹീറോയാകുമെന്ന് അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് തന്നെ നല്ല കോണ്‍ഫിഡന്‍സ് അദ്ദേഹത്തിനുണ്ടായിരുന്നു.പിന്നീട് അദ്ദേഹം എന്നോട് അഞ്ച് സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും അതിന് വേണ്ടി ഒരു പടത്തിന് ഇരുപത്തി അയ്യായിരം രൂപ വീതം തരണമെന്നും പറഞ്ഞു. പിന്നീട് ആ ഡേറ്റുകള്‍ വിറ്റ് കാശാക്കി സ്വന്തമായി വീട് വാങ്ങിക്കോളാനും പറഞ്ഞു. ആ ഐഡിയ നല്ലതാണെന്ന് മമ്മൂക്ക പറഞ്ഞത് കേട്ട ശേഷം ഞാന്‍ പറഞ്ഞു.

അത് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എങ്ങാനും സിനിമ പൊട്ടിയാല്‍ എന്റെ കൈയ്യിലുള്ള കാശ് നഷ്ടമാകില്ലേയെന്ന്.

ആ ചോദ്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്നോട് ദേഷ്യപ്പെട്ട് കാറില്‍ നിന്നും ഇറക്കി വിട്ടു. വെളുപ്പിനെ മൂന്ന് മണി മറ്റോ ആണ് സമയം. ശരിക്കും ഞാന്‍ കരഞ്ഞുപോയി. കൈയ്യിലുള്ള കാശിന് അടുത്ത വണ്ടി വരുമ്പോള്‍ കയറി പോകാമെന്ന് കരുതി ഞാന്‍ വഴിയില്‍ നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പോയ സ്പീഡില്‍ അദ്ദേഹം തിരികെ വന്നു. എന്നെ നിര്‍ബന്ധിച്ച്, പിടിച്ച് വലിച്ച് കാറില്‍ കയറ്റി. അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണമൊക്കെ തന്നു. പെട്ടന്ന് ദേഷ്യം വരും അതുപെട്ടന്ന് പോവുകയും ചെയ്യും അതാണ് മമ്മൂക്ക,’ പോള്‍സണ്‍ പറഞ്ഞു.

content highlight: director paulson talks about mammootty

We use cookies to give you the best possible experience. Learn more