ഇന്നും മലയാള സിനിമാ പ്രേക്ഷകര്‍ ആഘോഷിക്കുന്ന ചിത്രമാണ് പദ്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍. ചിത്രത്തിന്റെ നിര്‍മാണം പുരോഗമിക്കവെ അതിന്റെ നിര്‍മാതാവ് മരിച്ച് പോയതിനെ കുറിച്ചും പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് പദ്മരാജന്റെ പങ്കാളി രാധാലക്ഷ്മി.
മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ചും അവര്‍ സംസാരിച്ചു. പദ്മരാജന്റെ മരണശേഷവും മോഹന്‍ലാലിന്റെ അമ്മ തങ്ങളുടെ വീട്ടില്‍ വരുമായിരുന്നു എന്നും അവിടെ നിന്നും ഒരിക്കല്‍ തിരികെ പോകുന്ന വഴിയാണ് അമ്മക്ക് വയ്യതാകുന്നതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രാധാലക്ഷ്മി പറഞ്ഞു.
‘ആ സിനിമയെടുക്കാന്‍ ആദ്യം വന്നത് സ്റ്റാന്റ്ലിയായിരുന്നു. പിന്നീട് അദ്ദേഹത്തിന് സുഖമില്ലാതെ വന്നപ്പോള്‍ പടം നിന്നുപോയി. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ചെയ്യാതിരിക്കാനും പറ്റില്ലല്ലോ. ബാലനായിരുന്നു സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍. ബാലന്‍ സിനിമ നിര്‍മിക്കാം എന്ന രീതിയിലല്ലല്ലോ വന്നിരിക്കുന്നത്. എങ്കിലും ആ സിനിമക്ക് വേണ്ടി ബാലന്‍ കുറച്ച് പൈസയൊക്കെ മുടക്കി.
അവസാനം ബാലന്റെ കയ്യിലെ പൈസയൊക്കെ തീര്‍ന്നു. അങ്ങനെയാണ് മോഹന്‍ലാല്‍ പെട്ടി തുറന്ന് പൈസയുമായി വരുന്നത്. പദ്മരാജനും മോഹന്‍ലാലിനുമൊക്കെ ഒരുമിച്ച് ഹിമാലയത്തില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. നടന്ന് പോകാനായിരുന്നു അവരുടെ ആഗ്രഹമെന്ന് തോന്നുന്നു. മോഹന്‍ലാലിന് അക്കാര്യമൊക്കെ കുറച്ചുകൂടി ഓര്‍മയുണ്ടാകും.
ലാല്‍ വളരെ നാണം കുണുങ്ങിയായിട്ടുള്ള വ്യക്തിയാണ്. അങ്ങനെ എവിടെയെങ്കിലുമൊക്കെ കയറി പോകുന്ന ഒരാളല്ല. പദ്മരാജന്‍ മരിച്ചതിന് ശേഷം എല്ലായ്പ്പോഴും വീട്ടില്‍ വരുന്നത് ലാലിന്റെ അമ്മ ശാന്ത ചേച്ചിയായിരുന്നു. കുട്ടികള്‍ക്ക് കഴിക്കാനുള്ള സാധനങ്ങളുമായി ഒരാഴ്ച കൂടുമ്പോള്‍ അവര്‍ വീട്ടില്‍ വരുമായിരുന്നു.
അങ്ങനെ അവര്‍ വയ്യാതാകുന്നത് വരെ ഇവിടെ വരുമായിരുന്നു. ഒരിക്കല്‍ ഇവിടെ നിന്നും തിരിച്ച് പോകുന്ന വഴിയാണ് അവര്‍ക്ക് കാറില്‍ വെച്ച് സ്ട്രോക്ക് വരുന്നത്. പിന്നെ എറണാകുളത്തായിരുന്നു. അമ്മയുടെ പിറന്നാളിന് എന്നെ മാത്രമായിരുന്നു വിളിച്ചത്. ഞാന്‍ പോവുകയും ചെയ്തിരുന്നു,’ രാധാലക്ഷ്മി പറഞ്ഞു.
content highlight: director padmarajan’s partner radhalakshmi about mohanlal