മോഹന്‍ലാലെന്ന നടന്റെ ഏറ്റവും വലിയ ഗുണം അയാളെന്ന വ്യക്തിയെയും നടനെയും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതാണെന്ന് സംവിധായകന്‍ പത്മകുമാര്‍. മറ്റൊരു നടനും അത്തരത്തിലൊരു കഴിവുള്ളതായി താന്‍ കണ്ടിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു. ഷോട്ടിന് മുമ്പ് കളിച്ച് ചിരിച്ച് സംസാരിച്ചുകൊണ്ടിരുന്നാലും ഷോട്ടിന്റെ സമയത്ത് കൃത്യമായി ആ കഥാപാത്രമായി മാറി പെര്‍ഫോം ചെയ്യുന്നയാളാണ് മോഹന്‍ലാലെന്നും പത്മകുമാര്‍ പറഞ്ഞു.
ഷോട്ട് കഴിഞ്ഞ് തിരിച്ചുവന്നാല്‍ മുമ്പ് സംസാരിച്ച അതേ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് പത്മകുമാര്‍ പറഞ്ഞു. വേറെ ഏത് നടനായാലും അയാള്‍ക്ക് കഥാപാത്രത്തെ ആവാഹിച്ചെടുക്കാന്‍ വേണ്ടി കുറച്ച് സമയം വേണ്ടിവരുമെന്നും അതൊക്കെ കൊണ്ടാണ് മോഹന്‍ലാല്‍ വ്യത്യസ്തനായി നില്‍ക്കുന്നതെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മകുമാര്‍ ഇക്കാര്യം പറഞ്ഞത്.
‘മോഹന്‍ലാല്‍ എന്ന നടനെയും വ്യക്തിയെയും ഒരിക്കലും വേര്‍തിരിക്കാനാകില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. മറ്റൊരു നടനിലും ഞാന്‍ ഈ ഗുണം കണ്ടിട്ടില്ല. ഷൂട്ടിനിടയില്‍ നമ്മള്‍ എത്ര തന്നെ കളിച്ച് ചിരിച്ച് ഇരിക്കുകയാണെങ്കിലും ഷോട്ട് റെഡിയായെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ പുള്ളി പോയി അഭിനയിക്കും. ആ ഒരു സമയം മതി, പുള്ളിക്ക് കഥാപാത്രത്തിലേക്ക് മാറാന്‍.
ഷോട്ടെടുത്ത് കഴിഞ്ഞാല്‍ തിരിച്ചു വന്നിരുന്ന് മുമ്പ് എന്ത് വിഷയത്തെപ്പറ്റിയാണോ സംസാരിച്ചുകൊണ്ടിരുന്നത്, അതിനെപ്പറ്റി സംസാരം തുടരും. ഇതിനിടയില്‍ പുള്ളി നടത്തുന്ന മാനസിക പരിവര്‍ത്തനമുണ്ടല്ലോ, അതായത് മോഹന്‍ലാല്‍ എന്ന വ്യക്തിയില്‍ നിന്ന് കഥാപാത്രത്തിലേക്കുള്ള മാറ്റവും, അത് കഴിഞ്ഞ് വീണ്ടും മോഹന്‍ലാലിലേക്ക് തിരിച്ചു വരുന്നതും. ആ പ്രൊസസ്സ് നമുക്ക് മനസിലാകില്ല.
ഏതൊരു നടനും ഇങ്ങനെയൊരു അതിര്‍വരമ്പുണ്ട്. പക്ഷേ അത് എങ്ങനെയാണെന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണ് ലാലേട്ടന്റെ ഗുണം. വേറൊരു നടനും ഇങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അവര്‍ക്ക് എങ്ങനെയാണെന്ന് വെച്ചാല്‍, കഥാപാത്രത്തെ ആവാഹിക്കാനോ ഉള്‍ക്കൊള്ളാനോ വേണ്ടി കുറച്ചു സമയം കൂടി കാത്തുനില്‍ക്കേണ്ടി വരും. ഇതൊക്കെ കൊണ്ടാണ് മോഹന്‍ലാല്‍ എന്ന നടന്‍ വ്യത്യസ്തനായി നില്‍ക്കുന്നത്. അദ്ദേഹത്തിന് മാത്രമുള്ള ഒരു ക്വാളിറ്റിയാണ് ഇത്,’ പത്മകുമാര്‍ പറഞ്ഞു.
Content Highlight: Director Padmakumar about the transformation of Mohanlal before and after shoot