ഫാന്‍സിന്റെ പ്രതീക്ഷക്കൊത്ത് വരാത്ത ക്ലൈമാക്‌സ് ഉള്ളതുകൊണ്ടാണ് ആ സൂപ്പര്‍സ്റ്റാര്‍ ചിത്രം പരാജയപ്പെട്ടത്: എം. പത്മകുമാര്‍
Entertainment
ഫാന്‍സിന്റെ പ്രതീക്ഷക്കൊത്ത് വരാത്ത ക്ലൈമാക്‌സ് ഉള്ളതുകൊണ്ടാണ് ആ സൂപ്പര്‍സ്റ്റാര്‍ ചിത്രം പരാജയപ്പെട്ടത്: എം. പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th June 2024, 1:32 pm

അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ വ്യക്തിയാണ് എം. പത്മകുമാര്‍. നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി 20ഓളം സിനിമകള്‍ പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കനല്‍. എന്നാല്‍ ബോക്‌സ് ഓഫീസില് ചിത്രം വിജയിച്ചില്ല. ചിത്രം പരാജയപ്പെടാന്‍ കാരണം ഫാന്‍സിനെ തൃപ്തിപ്പെടുത്താത്ത ക്ലൈമാക്‌സാണെന്ന് പത്മകുമാര്‍ പറഞ്ഞു. നെഗറ്റീവ് ഷെയ്ഡിലേക്ക് നായകന്‍ പോകുന്നത് മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് സ്വീകരിക്കാന്‍ പറ്റാത്തതാണ് കനല്‍ പരാജയപ്പെടാന്‍ കാരണമെന്നും പത്മകുമാര്‍ പറഞ്ഞു.

താന്‍ സംവിധാനം ചെയ്തവയില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് കനല്‍ എന്നും പത്മകുമാര്‍ പറഞ്ഞു. എല്ലാ കാലത്തും വാലിഡായിട്ടുള്ള വിഷയമാണ് കനലിന്റെ കഥയെന്നും വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ എങ്ങനെയാണ് ഇംപാക്ട് ഉണ്ടാക്കുന്നതെന്ന് പറയുന്ന സിനിമയാണതെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മകുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘കനല്‍ പരാജയപ്പെടാന്‍ കാരണം മോഹന്‍ലാല്‍ എന്ന നടന്റെ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ക്ലൈമാക്‌സ് ഉള്ളതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ക്ലൈമാക്‌സില്‍ നായകന്‍ നെഗറ്റീവ് ഷെയ്ഡിലേക്ക് മാറുന്നത് അദ്ദേഹത്തിന്റെ ഫാന്‍സിന് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാകാം കനല്‍ പരാജയമായത്. പക്ഷേ ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് കനല്‍.

എല്ലാ കാലത്തും വാലിഡായിട്ടുള്ള ഒരു വിഷയമാണ് ആ സിനിമ പറഞ്ഞത്. വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ ഓരോരുത്തരുടെയും ജീവിതത്തിനെ എത്രത്തോളം ബാധിക്കുന്നു എന്നാണ് ആ സിനിമ പറഞ്ഞുവെക്കുന്നത്. അന്നത്തെ കാലത്ത് മാത്രമല്ല, ഏതൊരു കാലത്തും പറയാന്‍ പറ്റുന്ന കഥയാണ് കനലിന്റേത്. എത്ര നല്ല സിനിമയായാലും രണ്ടാമത് കാണാന്‍ തോന്നാത്ത ഞാന്‍ ഏറ്റവുമധികം റിപ്പീറ്റ് വാച്ച് ചെയ്യുന്ന സിനിമ കൂടിയാണത്,’ പത്മകുമാര്‍ പറഞ്ഞു.

Content Highlight: Director Padmakumar about the failure of Kanal movie