ആക്‌സിഡന്റിന്റെ തലേദിവസം ഈ സമയത്ത് പോണോ എന്നായിരുന്നു നെടുമുടി വേണുച്ചേട്ടന്‍ ജഗതിച്ചേട്ടനോട് ചോദിച്ചത്: എം പത്മകുമാര്‍
Malayalam Cinema
ആക്‌സിഡന്റിന്റെ തലേദിവസം ഈ സമയത്ത് പോണോ എന്നായിരുന്നു നെടുമുടി വേണുച്ചേട്ടന്‍ ജഗതിച്ചേട്ടനോട് ചോദിച്ചത്: എം പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th June 2024, 4:36 pm

മലയാളസിനിമയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ജഗതി ശ്രീകുമാറിന് ഉണ്ടായ വാഹനാപകടം. തിരുവമ്പാടി തമ്പാന് എന്ന സിനിയുടെ സെറ്റില്‍ നിന്ന് മടങ്ങവെയായിരുന്നു 2012ല്‍ താരത്തിന് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ജഗതി പിന്നീട് സിനിമയില്‍ അഭിനയിച്ചിട്ടില്ല. അപകടം നടക്കുന്നതിന്റെ തലേദിവസം ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ പദ്മകുമാര്‍.

ആ സമയത്ത് ജഗതിയുടെ ഷെഡ്യൂള്‍ ചെയ്തുതീര്‍ത്ത ശേഷം മൈസൂരുവിലെ ലൊക്കേഷനിലേക്ക് പോകാനുള്ളതിനാല്‍ അന്ന് രാത്രി തന്നെ ജഗതി പുറപ്പെട്ടുവെന്നും എന്നാല്‍ രാത്രി തന്നെ പോണോ എന്ന് നെടുമുടി വേണു ജഗതിയോട് ചോദിച്ചുവെന്നും പത്മകുമാര്‍ പറഞ്ഞു. രാവിലെ ഷൂട്ടിനെത്തണമെന്ന് പറഞ്ഞിട്ടാണ് ജഗതി പോയതെന്നും പിറ്റേന്ന് താന്‍ എഴുന്നേല്‍ക്കുന്നത് ജഗതിയുടെ ആക്‌സിഡന്റിന്റെ വാര്‍ത്ത കേട്ടുകൊണ്ടായിരുന്നെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മകുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘തിരുവമ്പാടി തമ്പാന്റെ ഷൂട്ട് തൃശൂരായിരുന്നു. ഗ്യാപ്പ് കിട്ടുന്നതിനനുസരിച്ച് പുള്ളി വന്ന് അഭിനയിക്കുകയായിരുന്നു. ഏകദേശം എല്ലാ സീനുകളും ചെയ്തുതീര്‍ത്തപ്പോള്‍ രാത്രിയായി. പിറ്റേന്ന് രാവിലെ മൈസൂരിലെത്താനുള്ളതുകൊണ്ട് രാത്രി തന്നെ പുള്ളി പുറപ്പെടണമെന്ന് പറഞ്ഞു. ‘രാത്രി തന്നെ പോണോ? നേരം വെളുത്തിട്ട് പോയാല്‍ പോരെ?’ എന്ന് വേണു ചേട്ടന്‍ ചോദിച്ചതായിരുന്നു.

ലൊക്കേഷനില്‍ എല്ലാവരും കാത്തുനില്‍ക്കും രാവിലെ എത്തണമെന്ന് പറഞ്ഞിട്ട് പുള്ളി അപ്പോള്‍ തന്നെ പുറപ്പെട്ടു. ഞാന്‍ അന്ന് കിടന്നുറങ്ങാന്‍ പുലര്‍ച്ചെ രണ്ട് മണിക്കടുത്തായി. പിറ്റേന്ന് രാവിലെ ഞാന്‍ എഴുന്നേല്ക്കുന്നത് ജഗതി ചേട്ടന്റെ ആക്‌സിഡന്റ് വാര്‍ത്ത കേട്ടുകൊണ്ടാണ്. കോഴിക്കോട് മിംസിലായിരുന്നു പുള്ളിയെ അഡ്മിറ്റ് ചെയ്തിരുന്നത്. അവിടെ പോയി കണ്ടതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്,’ പത്മകുമാര്‍ പറഞ്ഞു.

Content Highlight: Director Padmakumar about Jagathi Sreekumar’s Accident