അംബേദ്കറും തന്തൈ പെരിയാറും ഇത് അന്നേ പറഞ്ഞു; ഉദയനിധിയുടെ വാക്കുകളെ പിന്തുണക്കുന്നുവെന്ന് പാ. രഞ്ജിത്ത്
national news
അംബേദ്കറും തന്തൈ പെരിയാറും ഇത് അന്നേ പറഞ്ഞു; ഉദയനിധിയുടെ വാക്കുകളെ പിന്തുണക്കുന്നുവെന്ന് പാ. രഞ്ജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2023, 11:06 pm

ചെന്നൈ: സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി സംവിധായകന്‍ പാ. രഞ്ജിത്ത്. മന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പാ. രഞ്ജിത്ത് എഴുതി.

സാമൂഹ്യ നീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ പിന്തുണക്കുന്നു. മന്ത്രിക്കെതിരെ വര്‍ധിച്ചുവരുന്ന വെറുപ്പും വേട്ടയാടലും അപലപിക്കുന്നതായും പാ. രഞ്ജിത്ത് പറഞ്ഞു.

 

‘മന്ത്രി ഉദയനിധി സ്റ്റാലിന് എന്റെ ഐക്യദാര്‍ഢ്യം. നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമാണ് സനാതന ധര്‍മത്തിന്റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം.

ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മത്തിലുണ്ട്. വിപ്ലവ നേതാവ് ഡോ. ബാബാസാഹെബ് അംബേദ്കര്‍, ഇയോതീദാസ് പണ്ഡിതര്‍, തന്തൈ പെരിയാര്‍, മഹാത്മാ ഫൂലെ, സന്ത് രവിദാസ് തുടങ്ങിയ ജാതി വിരുദ്ധരായ പരിഷ്‌കര്‍ത്താക്കളെല്ലാം തങ്ങളുടെ ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ ഇത് തന്നെയാണ് വാദിക്കുന്നത്.

മന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല. മന്ത്രിക്കെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷവും വേട്ടയാടലും അപലപിക്കുന്നു.

സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാധന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ ഞാന്‍ പിന്തുണക്കുന്നു,’ പാ. രഞ്ജിത്ത് കുറിച്ചു.

സനാതനധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വംശഹത്യയാണെന്ന ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും പ്രചരണം നടത്തുമ്പോഴാണ് പാ. രഞ്ജിത്തിന്റെ പ്രതികരണം.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്,’ എന്നായിരുന്നു ഉദയനിധി പറഞ്ഞത്. ജാതി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

Content Highlight: Director Pa. Ranjith supported Tamil Nadu Minister Udayanidhi Stalin his reference to Sanatanadharma.