കാളിദാസ് ജയറാമിനെ നായനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നക്ഷത്തിരം നകര്‍കിരത്’ എന്ന സിനിമ ഓഗസ്റ്റ് 31ന് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രാമോഷന്റെ ഭാഗമായി കേരളത്തിലെത്തിയിരിക്കുകകയാണ് പാ രഞ്ജിത്ത് അടക്കമുള്ള ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അതിനിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മലയാളത്തില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് പാ രഞ്ജിത്.
ഇവിടെ(കേരളത്തില്‍) ഒരുപാട് നല്ല സിനിമകള്‍ വരുന്നുണ്ട്. അങ്ങനെ സിനിമയെടുക്കന്‍ എളുപ്പമായ സാഹചര്യം ഇവിടെയുണ്ടെന്നും പാ രഞ്ജിത് പറഞ്ഞു.
‘മലയാളത്തേയും തമിഴിനേയും ഒന്നായിട്ടാണ് ഞാന്‍ കാണുന്നത്. ഞാനിവിടെ വന്ന് തമിഴില്‍ സംസാരിച്ചിട്ടും നിങ്ങള്‍ക്ക് മനസിലാവുന്നു. തമിഴില്‍ സിനിമയെടുത്താലും മലയാളികള്‍ക്ക് മനസിലാവുന്നു. അത് വലിയൊരു കാര്യമാണ്.
അംബേദ്കറിസ്റ്റായ ഞാന്‍ ബുദ്ധിമുട്ടിയാണ് സിനിമയെടുക്കുന്നത്, കേരളത്തില്‍ സിംപിളായി സിനിമയെടുക്കുന്നു, ഇവിടെ കമ്യൂണിസത്തിന്റെ ബാക്ഗ്രൗണ്ടുണ്ട്, എന്നാല്‍ അംബേദ്കറിസവും വരണം,’ പാ രഞ്ജിത് പറഞ്ഞു.
കമ്മട്ടിപ്പാടവും ഈ മ യൗവുമെല്ലാം ഇഷ്ടസിനിമകളാണെന്നും രാഷ്ട്രീയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെയാണ് പട എന്ന സിനിമയെടുത്തിരിക്കുന്നതെന്നും പാ രഞ്ജിത് പറയുന്നു.
‘അടുത്ത് കണ്ടവയില്‍ ഏറ്റവും ഇഷ്ടമായത് പട എന്ന ചിത്രമാണ്. വളരെ ലളിതമായ പ്രമേയമായതിനാലാണ് പട എന്ന സിനിമ വളരെ ഇഷ്ടമാവാന്‍ കാരണം. നിലത്തേക്കുറിച്ച് സംസാരിക്കുന്ന സിനിമയാണത്. രാഷ്ട്രീയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെയാണ് പട എടുത്തിരിക്കുന്നത്. ആ സിനിമയിലാകെ സത്യസന്ധത പരന്നുകിടക്കുകയാണ്. കമ്മട്ടിപ്പാടവും ഈ മ യൗവുമെല്ലാം ഇഷ്ടസിനിമകളാണ്,’ പാ രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
പ്രണയവും ഒരു രാഷ്ട്രീയമാണ് എന്ന ടാഗ് ലൈനുമായിട്ടാണ് ‘നക്ഷത്തിരം നകര്‍കിരത്’ തിയേറ്ററുകളിലെത്തുന്നത്. പ്രണയത്തിന് പിന്നില്‍ സമൂഹം മെനയുന്ന കഥകളാണ് ചിത്രത്തിന് ആധാരം. ദുഷാര വിജയനാണ് നായിക. കലൈ അരസന്‍ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു. ഹരികൃഷ്ണന്‍, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
CONTENT HIGHLIGHTS: director Pa Ranjith says As an Ambedkarist, it is difficult for me to make films, things are simple in Kerala, there is a background of communism here