ഒമര്‍ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നു. ഒമര്‍ലുലു സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമ പിന്‍വലിക്കുകയാണെന്നും ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കുമെന്നുമാണ് ഒമര്‍ലുലു പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിനെതിരെ എക്‌സൈസ് കേസെടുത്തത്. അബ്കാരി, എന്‍.ഡി.പി.എസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറില്‍ ഉടനീളം മാരക ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗത്തിന്റെ രംഗങ്ങളാണ് ഉള്ളത്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഇതോടൊപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.
നല്ല സമയം യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കുമെന്ന് ഒമര്‍ലുലു ഇതിന് പിന്നാലെ പറഞ്ഞിരുന്നു. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഇര്‍ഷാദാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സിനിമയില്‍ അഞ്ച് പുതുമുഖ നായികമാരാണ് ഉള്ളത്.
നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വെള്ളിയാഴ്ചയായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം.
content highlight:director Omarlulu's nalla samayam being withdrawn from theatres