മുംബൈ: സംവിധായകന്‍ ഒമര്‍ ലുലു ബോളിവുഡിലേക്ക്. ഒമര്‍ തന്നെയാണ് താന്‍ ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രമാണ് ബോളിവുഡില്‍ ഒരുക്കത്.
ഒരു ബോളിവുഡ് ഡയറക്ടര്‍ ആവണം എന്ന തന്റെ വലിയ ഒരു സ്വപ്നം നടക്കാന്‍ പോവുന്നെന്നും ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്‌തെന്നും ഒമര്‍ പറഞ്ഞു. ചിത്രം ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. 2016ലാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് റിലീസ് ചെയ്തത്.
ഷിജു വിത്സണ്‍, ഷറഫുദീന്‍, അനുസിത്താര, സൗബിന്‍ ഷാഹിര്‍, ദൃശ്യ തുടങ്ങിയവരായിരുന്നു ഹാപ്പി വെഡ്ഡിംഗിലെ പ്രധാന താരങ്ങള്‍. നേരത്തെ ചിത്രം തമിഴില്‍ ഒരുക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ ഒമര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം പവര്‍സ്റ്റാര്‍ അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാബു ആന്റണി നായകന്‍ ആകുന്ന പവര്‍സ്റ്റാറില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
തൊണ്ണൂറുകളിലെ ബാബു ആന്റണിയെ അനുസ്മരിപ്പിക്കും വിധമുള്ള നീണ്ട മുടിയും കാതില്‍ കമ്മലും ഇട്ടുള്ള ലുക്കായിരിക്കും കഥാപാത്രത്തിന്റെതെന്ന് നേരത്തെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു.
ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
സൗത്ത് ഇന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമര്‍ ലുലു ചിത്രം ആയിരിക്കും ‘പവര്‍സ്റ്റാര്‍’. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്.