| Monday, 7th November 2022, 8:38 am

ആദിപുരുഷില്‍ ആകെ അഴിച്ചു പണി, റിലീസ് നീട്ടിയെന്ന് ഓം റൗട്ട്; വി.എഫ്.എക്‌സിനായി ഇനിയും 150 കോടി വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ റിലീസ് ഡേറ്റ് നീട്ടി. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിന് വേണ്ടി സിനിമയുടെ ടീമിന് കുറച്ച് കൂടി സമയം വേണമെന്ന് ഓം റൗട്ട് ട്വീറ്റ് ചെയ്തു. 2023 ജൂണ്‍ 16നായിരിക്കും ഇനി ആദിപുരുഷ് റിലീസ് ചെയ്യുകയെന്നും ഇദ്ദേഹം പറയുന്നു.

‘ആദിപുരുഷ് വെറുമൊരു സിനിമയല്ല. ശ്രീ രാമ പ്രഭുവിനോടുള്ള ഞങ്ങളുടെ ഭക്തിയുടെയും നമ്മുടെ സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബന്ധതയോടെയും അടയാളമാണ്. പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം നല്‍കുന്നതിന് വേണ്ടി സിനിമയുടെ ടീമിന് കുറച്ച് കൂടി സമയം കൊടുക്കേണ്ടി വരും. അതിനാല്‍ ആദിപുരുഷ് 2023 ജൂണ്‍ 16നായിരിക്കും റിലീസ് ചെയ്യുക.

ഇന്ത്യക്ക് അഭിമാനം കൊള്ളാവുന്ന ഒരു സിനിമ നിര്‍മിക്കാന്‍ പ്രതിബന്ധതയുള്ളവരാണ് ഞങ്ങള്‍. നിങ്ങളുടെ പിന്തുണയും സ്‌നേഹവും അനുഗ്രഹവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്,’ ഓം റൗട്ട് ട്വീറ്റ് ചെയ്തു.

2023 ജനുവരി 12ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം ആദിപുരുഷില്‍ അഴിച്ചുപണി നടത്താന്‍ പോവുകയാണെന്നും വി.എഫ്.എക്‌സിനായി ഇനിയും 100 മുതല്‍ 150 കോടി വരെ വേണ്ടി വരുമെന്നും 123തെലുങ്ക് ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ പരിഹാസമാണ് ഉയര്‍ന്നത്. വി.എഫ്.എക്‌സിനെതിരെയാണ് ട്രോളുകള്‍ വ്യാപകമായി ഉയര്‍ന്നത്. നിലവാരമില്ലാത്ത വി.എഫ്.എക്‌സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെയുണ്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

എന്നാല്‍, മൊബൈല്‍ സ്‌ക്രീനില്‍ കണ്ടതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും വലിയ സ്‌ക്രീനിലേക്കായി നിര്‍മിച്ച 3ഡി സിനിമയാണിതെന്നുമായിരുന്നു സംവിധായകന്റെ വിശദീകരണം. പ്രഭാസിനും അണിയറ പ്രവര്‍ത്തകര്‍ക്കും ടീസറിനെതിരായ വിമര്‍ശനങ്ങളില്‍ അതൃപ്തി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

500 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ചിത്രത്തില്‍ ശ്രീ രാമനായാണ് പ്രഭാസ് വേഷമിടുന്നത്. സീതയായി ബോളിവുഡ് നടി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു.

Content Highlight: director om raut tweeted that Adipurush will be released on June 16, 2023

We use cookies to give you the best possible experience. Learn more