| Wednesday, 5th October 2022, 12:30 pm

എന്തെങ്കിലുമൊരു വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ടീസര്‍ യൂട്യൂബില്‍ പബ്ലിഷ് ചെയ്യില്ലായിരുന്നു: സംവിധായകന്‍ ഓം റൗട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസിന് മുന്‍പേ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് പ്രഭാസ് നായകനാകുന്ന ആദിപുരുഷ്. ടീസര്‍ ഇറങ്ങിയതിന് പിന്നാലെയായിരുന്നു ചിത്രത്തിന്റെ നിലവാര തകര്‍ച്ച ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയത്.

വി.എഫ്.എക്‌സിലെ പ്രശ്‌നങ്ങളായിരുന്നു പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെട്ടത്. കഥാപാത്രസൃഷ്ടിയിലെ പോരായ്മകളും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഓം റൗട്ട്.

മൊബൈല്‍ ഫോണില്‍ കണ്ടതുകൊണ്ടാണ് ആളുകള്‍ ടീസറിനെ വിമര്‍ശിക്കുന്നതെന്നും തിയേറ്ററില്‍ ചിത്രം മികച്ച എക്‌സ്പീരിയന്‍സായിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

‘വിമര്‍ശനങ്ങള്‍ കേട്ട് എന്റെ ഹൃദയം നുറുങ്ങിപ്പോയിരുന്നു എന്നത് സത്യമാണ്. പക്ഷെ എനിക്ക് ആ വിമര്‍ശനങ്ങളില്‍ അത്ഭുതമില്ല. കാരണം ഇത് ബിഗ് സ്‌ക്രീനിന് വേണ്ടിയുള്ള സിനിമയാണ്. അത് മൊബൈലിന് ഫോണിന് പറ്റുന്ന പരുവത്തില്‍ ചുരുക്കുന്നതിന് പരിധികളുണ്ട്.

എനിക്ക് സാധിക്കുമായിരുന്നെങ്കില്‍ ഞാനൊരിക്കലും ആ ടീസര്‍ യൂട്യൂബില്‍ പബ്ലിഷ് ചെയ്യില്ലായിരുന്നു. പക്ഷെ അതാണല്ലോ ഇപ്പോഴത്തെ രീതി. കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ വേണ്ടിയാണ് ഞങ്ങള്‍ യൂട്യൂബിലിട്ടത്,’ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ ഓം റൗട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ ബോയ് കോട്ട് ക്യാമ്പെയ്‌നും തുടങ്ങിയിരുന്നു. ചിത്രത്തിന്റെ വി.എഫ്.എക്സിലെ പോരായ്മകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

പ്ലാനെറ്റ് ഓഫ് ദി ഏപ്സ്, അവഞ്ചേഴ്സ്, ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരിസ് എന്നിവയില്‍ നിന്നെല്ലാം കോപ്പിയടിച്ച രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 1987ല്‍ പുറത്ത് വന്ന രാമാനന്ദ് സാഗറിന്റെ രാമയണത്തോട് പോലും കിടപിടിക്കാന്‍ ആദിപുരുഷിനാവില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.

രാമായണത്തില്‍ രാമനേയും രാവണനേയും വിവരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ആദിപുരുഷില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാമന്‍ ശാന്തരൂപനും ദയാലുവുമാണെന്നും എന്നാല്‍ ആദിപുരുഷിലെ രാമനെ അഗ്രസീവായി അവതരിപ്പിക്കുന്നുവെന്നും നെറ്റിസണ്‍സ് പറയുന്നു. ചിത്രത്തില്‍ രാവണന് ഇസ്‌ലാമിക് രൂപം കൊടുത്തുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ടീസര്‍ റിലീസായതിന് പിന്നാലെ സംവിധായകന്‍ ഓം റൗട്ടിനെ തന്റെ റൂമിലേക്ക് വിളിക്കുന്ന പ്രഭാസിന്റെ വീഡിയോയും വൈറലായിരുന്നു. ‘ഓം എന്റെ റൂമിലേക്ക് വാ,’ എന്നാണ് അല്‍പം ദേഷ്യത്തോടെ പ്രഭാസ് പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇതിന്മേലും ട്രോളുകള്‍ നിറഞ്ഞിരുന്നു.

ടി-സീരീസും റെട്രോഫിലിംസും ചേര്‍ന്ന് നിര്‍മിച്ച ആദിപുരുഷ് ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യും. 2023 ജനുവരി 12നാണ് ആദിപുരുഷിന്റെ റിലീസ്. ചിത്രം വിദേശഭാഷകളിലും പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി ലോസ് ആഞ്ചലസ് ആസ്ഥാനമാക്കിയുള്ള പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Content Highlight: Director Om Raut responds to AdiPurush movie trolls

We use cookies to give you the best possible experience. Learn more