ദല്‍ഹി: രാജ്യാന്തര തലത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ദി കശ്മീര്‍ ഫയല്‍സി’നെ പ്രൊപ്പഗണ്ട സിനിമയെന്ന് വിളിച്ചതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നിയമനടപടിക്കൊരുങ്ങി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. തെറ്റിദ്ധരിപ്പിക്കുന്നതും അങ്ങേയറ്റം അപകീര്‍ത്തികരവുമായ പ്രസ്താവനയാണ് മമത നടത്തിയതെന്ന് സംവിധായകന്‍ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ആരോപിച്ചു.
സിനിമയുടെ നിര്‍മാതാക്കളായ അഭിഷേക് അഗര്‍വാള്‍, പല്ലവി ജോഷി എന്നിവര്‍ക്കൊപ്പമാണ് താന്‍ ബംഗാള്‍ മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളതെന്ന് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. വിവേകിന്റെ തന്നെ 2024ല്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ‘ദി ദല്‍ഹി ഫയല്‍സും’ ബി.ജെ.പിയുടെ ഫണ്ട് വാങ്ങി ചെയ്ത പ്രൊപ്പഗണ്ട സിനിമയാണെന്ന് മമത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
നിരവധി മാധ്യമ പ്രവര്‍ത്തകരും ദല്‍ഹി മുഖ്യമന്ത്രിയും ഉള്‍പ്പെടെ പലരും പലപ്പോഴായി കശ്മീരി ഫയല്‍സിനെ പ്രൊപ്പഗണ്ട സിനിമയെന്ന് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇനിയിത് ക്ഷമിച്ച് മുന്നോട്ടു പോകാനാകില്ലെന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കി. ‘ഈ സിനിമയില്‍ ഏതൊക്കെ സീന്‍, ഷോട്ട്, സംഭാഷണം, ഫ്രെയിം, വസ്തുതകള്‍ എന്നിവയാണ് പ്രൊപ്പഗണ്ടയുടെ ഭാഗമെന്ന് വിമര്‍ശകര്‍ വ്യക്തമാക്കണം.
ഇന്നലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. തന്റെ കരിയറിനെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണ് ഇത്തരം പ്രസ്താവനകള്‍. മമതാ ബാനര്‍ജി അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ നടത്തിയ പരാമര്‍ശമായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കൂ,’ സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പശ്ചിമ ബംഗാളില്‍ ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം നിരോധിച്ച് കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമതാ ബാനര്‍ജി പ്രൊപ്പഗണ്ട സിനിമകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ ചേരിതിരിവും ലക്ഷ്യമിട്ടാണ് ഈ സിനിമ നിര്‍മിച്ചതെന്ന് മമത വിമര്‍ശിച്ചിരുന്നു. വിവേക് അഗ്നിഹോത്രി ബി.ജെ.പിയുടെ ഫണ്ട് വാങ്ങി അവരെ പ്രീതിപ്പെടുത്താനാണ് പ്രൊപ്പഗണ്ട ചിത്രങ്ങള്‍ നിര്‍മിക്കുന്നതെന്ന പരാമര്‍ശവും ഇതോടൊപ്പം നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഗോവയില്‍ വച്ച് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദിയിലും ‘ദി കശ്മീര്‍ ഫയല്‍സ്’ പ്രൊപ്പഗണ്ട ചിത്രമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെസ്റ്റിവല്‍ ജൂറി മെമ്പറായ ഇസ്രഈല്‍ ഫിലിം മേക്കര്‍ നദാവ് ലാപിഡ് നടത്തിയ വിമര്‍ശനം കേന്ദ്രത്തെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും സംഘപരിവാര്‍ അനുകൂലികളും ഇടഞ്ഞതോടെ ജൂറി മെമ്പറെ കൊണ്ട് മാപ്പ് പറയിപ്പിച്ചാണ് പ്രശ്‌നം ഒതുക്കിതീര്‍ത്തത്.